കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് വൈവിധ്യമാർന്ന പരിപാടികളോടെ ഗോൾഡൻ ജൂബിലി ആഘോഷിക്കുന്നു. 'പ്രകാശം പരത്തി അരനൂറ്റാണ്ട്' എന്ന തലക്കെട്ടിലാണ് പരിപാടികൾ. ഉദ്ഘാടന സമ്മേളനം മേയ് 13ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കും. വൈകീട്ട് ഏഴിന് തുടങ്ങുന്ന സമ്മേളനം ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യും.
'സമകാലിക ഇന്ത്യയുടെ വർത്തമാനം' വിഷയത്തിൽ പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദ് പ്രഭാഷണം നടത്തും. കുവൈത്തിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. നാട്ടിലും കുവൈത്തിലുമായി നിരവധി സേവന പ്രവർത്തനങ്ങളും മറ്റു പരിപാടികളുമാണ് 50 വർഷം പൂർത്തിയാകുന്ന വേളയിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. ആഘോഷപരിപാടികൾ ഒരു വർഷം നീളും.