'ആശയസംവാദത്തിന്റെ സൗഹൃദനാളുകൾ' കെ.ഐ.ജി കാമ്പയിന് സമാപനം
text_fieldsആശയസംവാദത്തിന്റെ സൗഹൃദനാളുകൾ എന്ന പേരിൽ കെ.ഐ.ജി സംഘടിപ്പിച്ച കാമ്പയിന് സമാപനം കുറിച്ച് മസ്ജിദുൽകബീർ ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുന്ന ഉസ്‌താദ് അലിയാർ ഖാസിമി, വി.ടി. അബ്ദുല്ലക്കോയ
തങ്ങൾ എന്നിവർ
കുവൈത്ത് സിറ്റി: ഒരുമാസം നീണ്ടുനിന്ന കെ.ഐ.ജി കുവൈത്ത് 'ആശയസംവാദത്തിന്റെ സൗഹൃദനാളുകൾ' കാമ്പയിന് സമാപനം.കുവൈത്ത് സിറ്റിയിലെ മസ്‌ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനത്തോടെയാണ് കാമ്പയിൻ അവസാനിച്ചത്.സെപ്റ്റംബർ 15 ന് തുടങ്ങിയ കാമ്പയിന്റെ ഭാഗമായി യൂനിറ്റ് സമ്മേളനങ്ങൾ, സൗഹൃദ സദസ്സുകൾ, ഫ്രൻഡ്സ് സർക്കിൾ സംഗമങ്ങൾ, ജനസമ്പർക്കം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചിരുന്നു. പൊതുസമ്മേളനത്തിൽ വനിതകളടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ള ആയിരത്തിലധികംപേർ പങ്കെടുത്തു.
ജമാഅത്തെ ഇസ്‌ലാമി കേരള ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങൾ ഉദ്‌ഘാടനം ചെയ്‌തു.പണ്ഡിതനും പ്രഭാഷകനുമായ ഉസ്‌താദ് അലിയാർ ഖാസിമിയും കെ.ഐ.ജി വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂരും പ്രഭാഷണങ്ങൾ നടത്തി. മസ്‌ജിദുൽ കബീർ ജനറൽ മാനേജർ സയ്യിദ് അലി അബ്‌ദുല്ല ശദ്ദാദ് അൽ മുതൈരി, ഐ.പി.സി ബിതക് ലീഫ് മുദീർ സയ്യിദ് അമ്മാർ അലി അൽ ഖന്ദരി, സൽസബീൽ അൽ ഖൈരിയ ജനറൽ മാനേജർ ശൈഖ് മുഹമ്മദ് അഹ്‌മദ് അൽ ഫാരിസി എന്നിവർ സംസാരിച്ചു. കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് അധ്യക്ഷത വഹിച്ചു.
വിവിധ അറബ് വേദികളുടെ സാരഥികളെ ഉപഹാരം നൽകി ആദരിച്ചു. പി.ആർ കൺവീനർ അബ്‌ദു റസാഖ് നദ്‍വി നേതൃത്വം നൽകി. റമദാനിൽ ഖുർആൻ സ്റ്റഡി സെന്റർ നടത്തിയ ഖുർആൻ പാരായണം, ക്വിസ് തുടങ്ങിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. സമ്മാനങ്ങൾ വി.ടി അബ്ദുല്ലക്കോയ തങ്ങൾ, അലിയാർ ഖാസിമി, പി.ടി. ശരീഫ്, ഫൈസൽ മഞ്ചേരി, ഫിറോസ് ഹമീദ്, എൻ.പി. അബ്‌ദുൽ റസാഖ് എന്നിവർ വിതരണം നടത്തി.നിയാസ് ഇസ്‌ലാഹി നേതൃത്വം നൽകി. അദ്‌നാൻ സഊദ് ഖുർആൻ പാരായണം നടത്തി. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതവും പ്രോഗ്രാം കൺവീനർ സിറാജ് സ്രാമ്പിക്കൽ നന്ദിയും പറഞ്ഞു.
പ്രബുദ്ധരെന്ന് നടിക്കുന്നവർ ആശയങ്ങളെ പേടിക്കുന്നു -വി.ടി. അബ്ദുല്ലക്കോയ
കുവൈത്ത് സിറ്റി: ആശയങ്ങൾ പറയുന്നതും പങ്കുവെക്കുന്നതും അപകടം സൃഷ്‌ടിക്കുമെന്നും സംഘർഷത്തിനിടയാക്കുമെന്നും പ്രബുദ്ധരാണെന്ന് മേനി നടിക്കുന്നവർപോലും നിരന്തരം പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നുവെന്ന് വി.ടി. അബ്ദുല്ലക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു. ആശയപാപ്പരത്തം അനുഭവിക്കുന്ന കേന്ദ്രങ്ങളാണ് ആശയസംവാദത്തെ പോലും ആശങ്കയോടെ കാണുന്നത്.
സൗഹൃദമായ അന്തരീക്ഷത്തിൽ സംവാദം സാധ്യമാണെന്ന് ആവർത്തിച്ചാവർത്തിച്ച് പറയേണ്ടിവരുന്ന കാലഘട്ടമായതുകൊണ്ടാണ് ഇസ്‌ലാമിക പ്രസ്ഥാനം ആശയസംവാദവും സൗഹൃദവും കോർത്തിണക്കി തലവാചകം രൂപപ്പെടുത്തി നാട്ടിലും കുവൈത്തിലും കാമ്പയിനുകൾ നടത്തുന്നത്. അല്ലാഹുവിനോടൊപ്പം ചേർന്നുനിൽക്കാനും മനുഷ്യരോടൊപ്പം നിലകൊള്ളുവാനുമുള്ള ശേഷി ആർജിച്ചെടുക്കുകയാണ് ഫാഷിസത്തോടുള്ള സമീപന രീതി.
ആശയ പരിസരമുണ്ടെങ്കിലും ഇസ്‌ലാമിനെതിരിൽ മാന്യമായ നിരൂപണമല്ല ലിബറലുകളും യുക്തിവാദികളും നടത്തുന്നത്. അവരുടേത് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രവാചകനെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള ഇസ്‌ലാം വിരുദ്ധതയുടെ മൂടുപടമാണെന്നും അദ്ദേഹം പറഞ്ഞു.
ആദർശം പറയാതെ മുന്നോട്ട് പോകാനാകില്ല -അലിയാർ ഖാസിമി
കുവൈത്ത് സിറ്റി: ഭൗതികജീവിതത്തിനപ്പുറം മനുഷ്യ ജീവിതത്തിന് അർഥതലങ്ങളുണ്ടെന്ന് വിശ്വസിക്കുന്ന വിഭാഗത്തിന് സാധ്യമാകുന്ന അനുഗൃഹീതവും അസുലഭവുമായ സ്ഥിതിവിശേഷമാണ് ആശയ സംവാദമെന്ന് ഉസ്‌താദ് അലിയാർ ഖാസിമി പറഞ്ഞു.
ആദർശം പറയാതെയും അസ്‌തിത്വം വെളിപ്പെടുത്താതെയും വിശ്വാസി സമൂഹത്തിന് മുന്നോട്ടുപോകാൻ കഴിയില്ല. ആദർശ പ്രബോധനരംഗത്ത് നിലയുറപ്പിച്ച പ്രവാചകന്മാരെ പോലും സ്വന്തം ജനത ഇരു കൈകളും നീട്ടി സ്വീകരിച്ചിട്ടില്ല എന്നതാണ് ഇസ്‌ലാമിക ചരിത്രം. ജെൻഡർ ന്യൂട്രാലിറ്റിയുടെ പേരിൽ നടക്കുന്നത് മനുഷ്യജീവിതത്തെ മൂല്യനിരാസത്തിലേക്കും അരാജകത്വത്തിലേക്കും നയിക്കാനുള്ള ഗൂഢ പദ്ധതികളാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

