കെ.ഐ.ജി അബ്ബാസിയ ഏരിയ ചർച്ച സംഗമം
text_fieldsകെ.ഐ.ജി അബ്ബാസിയ ഏരിയ ചർച്ച സംഗമത്തിൽ മുഹമ്മദ് ശമീം സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ‘പ്രവാചകൻ വിശ്വ വിമോചകൻ’ എന്ന തലക്കെട്ടിൽ കേരള ഇസ് ലാമിക് ഗ്രൂപ് നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി കെ.ഐ.ജി അബ്ബാസിയ ഏരിയ ചർച്ച സംഗമം സംഘടിപ്പിച്ചു. വാഗ്മിയും എഴുത്തുകാരനുമായ മുഹമ്മദ് ശമീം മുഖ്യ പ്രഭാഷണം നിർവഹിച്ചു.
സാമൂഹികമായും പാരമ്പര്യമായും ഏറെ കെട്ടുപാടുകൾ നിറഞ്ഞ മനുഷ്യ ജീവിതത്തിൽ നീതിയുടെയും സമത്വത്തിന്റെയും പ്രായോഗികവത്കരണത്തിലൂടെ പ്രവാചകൻ മുഹമ്മദ് സാധ്യമാക്കിയ വിപ്ലവം മനുഷ്യചരിത്രത്തിൽ എന്നെന്നും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള പ്രവാചകന്റെ നിലപാടുകളാണ് ചരിത്രത്തിൽ മുഹമ്മദിനെ മറ്റാരേക്കാളും സ്മര്യ പുരുഷനാക്കിത്തീർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനാഫ് എം.പി ഖുർആൻ അവതരിപ്പിച്ചു.
കെ.ഐ.ജി അബ്ബാസിയ ഏരിയ പ്രസിഡന്റ് മുനീർ മഠത്തിൽ അധ്യക്ഷത വഹിച്ചു. കെ.ഐ.ജി കേന്ദ്ര നേതാക്കളായ അൻവർ സഈദ്, പി.കെ. മനാഫ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. എ.ആർ. ഷാ അലി സ്വാഗതവും ഫൈസൽ വടക്കേക്കാട് നന്ദിയും പറഞ്ഞു.

