ഏഴു വർഷത്തിനിടെ കെ.എഫ്.എ.ഇ.ഡി നൽകിയത് 88.1 മില്യൺ ഡോളർ സഹായം
text_fieldsഇറാഖിലെ കുർദിസ്ഥാൻ മേഖലയിലെ കുട്ടികൾക്കൊപ്പം കുവൈത്ത് സന്നദ്ധ പ്രവർത്തകർ
കുവൈത്ത് സിറ്റി: ലോകമെമ്പാടുമുള്ള അഭയാർഥികൾക്കും നാടുകടത്തപ്പെട്ടവർക്കും ദുരിത ജീവിതം നയിക്കുന്നവർക്കും താങ്ങായി കുവൈത്തിലെ പ്രധാന ജീവകാരുണ്യ സ്ഥാപനങ്ങളിലൊന്നായ കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റ് (കെ.എഫ്.എ.ഇ.ഡി). 2016 നും 2022 നും ഇടയിൽ ഏഴു വർഷത്തിനിടെ കെ.എഫ്.എ.ഇ.ഡി സഹായമായി നൽകിയത് 88.1 മില്യൺ ഡോളറാണ്.
സിറിയ, ബംഗ്ലാദേശ്, ഇറാഖിലെ കുർദിസ്താൻ മേഖല, യെമൻ എന്നിവിടങ്ങളിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വൈവിധ്യമാർന്ന ആരോഗ്യ സംരക്ഷണം നൽകുന്നതിനും ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി കെ.എഫ്.എ.ഇ.ഡി പദ്ധതികൾ നടപ്പാക്കി. അഭയാർഥികളും മാറ്റിപ്പാർപ്പിക്കപ്പെട്ടവരുമായ കാൻസർ രോഗികൾക്കായി ഗണ്യമായ ഗ്രാന്റുകൾ നൽകി. അടിസ്ഥാന സൗകര്യ ഒരുക്കൽ, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾക്കാണ് മുൻഗണന നൽകിവരുന്നത്.
അഭയാർഥികളെയും സംഘർഷങ്ങളുടെയും അസ്വസ്ഥതകളുടെയും പ്രകൃതി ദുരന്തങ്ങളുടെയും ഇരകളെ സഹായിക്കുകയെന്നതും നയമാണ്. അറബ്, വികസ്വര രാജ്യങ്ങളിൽ സാമ്പത്തികവും സാമൂഹികവുമായ പുരോഗതി കൈവരിക്കുന്നതിൽ കെ.എഫ്.എ.ഇ.ഡി ഫണ്ട് ഫലപ്രദമായ പങ്ക് വഹിച്ചിട്ടുണ്ട്.
ലെബനാലിലെ സിറിയൻ അഭയാർഥികൾക്കായി വൻ തുകയാണ് കെ.എഫ്.എ.ഇ.ഡി ഇതുവരെ ചെലവിട്ടത്. അഭയാർഥികളിലെ കുട്ടികളുടെ കാൻസർ സെന്റർ, സിറിയൻ അഭയാർഥികൾക്കായി സ്കൂളുകൾ നിർമിക്കൽ, അഭയാർഥികൾക്കുള്ള ദുരിതാശ്വാസ പദ്ധതികൾ, അഭയാർഥി ക്യാമ്പുകളിലെ സൗകര്യം ഒരുക്കൽ, അടിസ്ഥാന ആരോഗ്യ സംരക്ഷണം എന്നിവക്കായി ഫണ്ട് നൽകി.
ജോർദാനിലെ കിങ് ഹുസൈൻ ഫൗണ്ടേഷൻ കാൻസർ ഫൗണ്ടേഷൻ സെന്ററിനും കുവൈത്ത് ഉദാരമായി സംഭാവനകൾ നൽകി. ഇറാഖിലെ കുർദിസ്താൻ മേഖലയിലെ സിറിയൻ അഭയാർത്ഥികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മില്യൺ കണക്കിന് ഡോളർ നീക്കിവെച്ചു. ബംഗ്ലദേശിലെ ദുർഘടമായ സാഹചര്യത്തിൽ കഴിയുന്ന റോഹിങ്ക്യൻ അഭയാർഥികൾക്കും ആശ്വാസം നൽകി.
2021 നും 2022 നും ഇടയിൽ യെമനിൽ ഫലസ്തീൻ അഭയാർഥികളെ പരിപാലിക്കുന്ന യു.എൻ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എക്ക് 20 മില്യൺ ഡോളർ അനുവദിച്ചു. 2022 ൽ 2.1 മില്യൺ ഡോളർ യുദ്ധം ബാധിച്ച യെമനിലേക്ക് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

