യമനെ ചേർത്തുപിടിച്ച് കുവൈത്ത്; ഭവന നിർമാണത്തിന് കെ.എഫ്.എ.ഇ.ഡി സഹായം
text_fieldsകുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റ്, യു.എൻ.എച്ച്.സി.ആർ
പ്രതിനിധികൾ കരാറുമായി
കുവൈത്ത് സിറ്റി: യുദ്ധവും സാമ്പത്തിക അസ്ഥിരതയും മൂലം കഠിന ജീവിതസാഹചര്യങ്ങൾ നേരിടുന്ന യമൻ ജനതക്ക് കുവൈത്തിന്റെ സഹായം. യമനിലെ കുടിയിറക്കപ്പെട്ടവർക്ക് ഭവന പുനരധിവാസത്തിനും പരിപാലനത്തിനുമായി 2.1 മില്യൺ യു.എസ് ഡോളറിന്റെ കരാറിൽ കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റ് (കെ.എഫ്.എ.ഇ.ഡി) ഐക്യരാഷ്ട്രസഭയുടെ അഭയാർഥികൾക്കായുള്ള ഹൈകമീഷണറുമായി (യു.എൻ.എച്ച്.സി.ആർ) ഒപ്പുവെച്ചു.
യമനിലെ സംഘർഷത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണം, ആവശ്യമായ വസ്തുക്കൾ, ഉപകരണങ്ങൾ, തൊഴിൽ ചെലവുകൾ എന്നിവ ഇതിന്റെ ഭാഗമായി നൽകും. കുടിയിറക്കപ്പെട്ടവരെ തിരികെ കൊണ്ടുവരുക, മടങ്ങിവരുന്ന കുടുംബങ്ങളുടെ സ്വാശ്രയത്വത്തെ പിന്തുണക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യമാണെന്ന് കെ.എഫ്.എ.ഇ.ഡി വ്യക്തമാക്കി. പദ്ധതി ഏകദേശം 670 കുടുംബങ്ങൾക്ക് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
യമൻ ജനതയോടുള്ള കുവൈത്തിന്റെ പ്രതിബദ്ധതയാണ് ഈ കരാറിലൂടെ പ്രതിഫലിക്കുന്നതെന്ന് കെ.എഫ്.എ.ഇ.ഡി ആക്ടിങ് ഡയറക്ടർ ജനറൽ വലീദ് അൽ ബഹാർ പറഞ്ഞു. സംഘർഷവും സാമ്പത്തിക അസ്ഥിരതയും കാരണം യമനിൽ നാലു ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തതായി കുവൈത്തിലെ യു.എൻ.എച്ച്.സി.ആർ പ്രതിനിധി നിസ്രീൻ റുബയാൻ പറഞ്ഞു. ഏകദേശം 6.7 ദശലക്ഷം ആളുകൾക്ക് മതിയായ പാർപ്പിടമില്ല. പലരും കേടുപാടുകൾ സംഭവിച്ചതോ തകർന്നതോ ആയ വീടുകളിൽ ദുഷ്കരമായ ജീവിത സാഹചര്യങ്ങളിലാണ് കഴിയുന്നതെന്നും നിസ്രീൻ റുബയാൻ സൂചിപ്പിച്ചു.
യമനുള്ള കുവൈത്തിന്റെ എട്ടാമത്തെ സംഭാവനയാണ് ഇത്. 2016 മുതൽ ഏഴ് പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനായി കുവൈത്ത് ഏകദേശം 24 മില്യൺ യു.എസ് ഡോളർ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

