കേരളൈറ്റ്സ് മെഡിക്കൽ ഫോറം മെഗാ സാംസ്കാരികമേള
text_fieldsകെ.എം.എഫ് ‘‘ഹൃദ്യം -2023’’ മെഗാസാംസ്കാരികമേളയുടെ ഉദ്ഘാടനം നിഖിൽ കുമാർ
നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഡോക്ടർമാർ ഒഴികെയുള്ള മലയാളികളായ ആരോഗ്യപ്രവർത്തകരുടെ പൊതുകൂട്ടായ്മയായ കേരളൈറ്റ്സ് മെഡിക്കൽ ഫോറം (കെ.എം.എഫ്) "ഹൃദ്യം -2023 " മെഗാസാംസ്കാരികമേള സംഘടിപ്പിച്ചു. കൂട്ടായ്മ രണ്ടാം വർഷം പിന്നിടുന്നതിന്റെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്. അബ്ബായിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ നടന്ന പരിപാടി കെ.എം.എഫിന്റെ നാലു യൂനിറ്റുകളിൽനിന്നുമുള്ള അംഗങ്ങളും, കുടുംബാംഗങ്ങളും അവതരിപ്പിച്ച വർണാഭമായ കലാപരിപാടികളോടെ തുടക്കമായി.
പ്രസിഡന്റ് ഗീത സുദർശൻ അധ്യക്ഷയായ ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി നിഖിൽ കുമാർ സാംസ്കാരികസമ്മേളനം ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി എം.ഇ.എസ് മെഡിക്കൽ കോളജ് പെരിന്തൽമണ്ണ കമ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. മുബാറക് സാനി മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് പരിപാടിയുടെ സുവനീർ ഡോ. മുബാറക് സാനിക്ക് കൈമാറി ഇന്ത്യൻ എംബസി സെക്രട്ടറി നിഖിൽ കുമാർ പ്രകാശനം നിർവഹിച്ചു.
ഡോ. സജ്ന മുഹമ്മദ്, ഐ.ഡി.എഫ് മുൻ പ്രസിഡന്റ് ഡോ. അമീർ അഹമ്മദ്, ഡോ. കാദർ എം ഷാജഹാൻ, സി. രാജേഷ് എന്നിവർ സംസാരിച്ചു. പ്രശസ്തപിന്നണിഗായകരായ അൻവർ സാദത്തും ചിത്ര അരുണും സംഘവും അവതരിപ്പിച്ച ഗാനസന്ധ്യ പരിപാടിക്ക് ഏറെ വർണാഭമായി. കുവൈത്തിലെ പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലി ചെയ്യുന്ന ആയിരത്തിലധികം ആരോഗ്യപ്രവർത്തകരായ മലയാളികളാണ് പരിപാടിയിൽ സംബന്ധിക്കാനായി എത്തിച്ചേർന്നത്.
പരിപാടികൾക്ക് സംഘാടകസമിതി കൺവീനർമാരായ അജയ് ഏലിയാസ്, താര മനോജ്, ലിജോ അടുക്കോലിൽ, സിജു ജോസഫ്, സോജി വർഗീസ്, ലിൻസ് മാത്യു, സി.എസ്. വിനോദ്, വിജേഷ് എം വേലായുധൻ, ജഗദീഷ് ചന്ദ്രൻ, ജിനീഷ് ഫിലിപ് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ബിൻസിൽ വർഗീസ് സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ ജോർജ് ജോൺ ജോസ് നന്ദിയും പറഞ്ഞു.