കേരളത്തനിമ ഉണർത്തി ഒ.ഐ.സി.സി ‘ഓണപ്പൊലിമ’; ആഘോഷങ്ങൾ സംഘടിപ്പിച്ചു
text_fieldsഒ.ഐ.സി.സി ‘ഓണപ്പൊലിമ’ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പ്രവാസി മലയാളി സമൂഹത്തിന് കേരളത്തിന്റെ തനിമയും പൈതൃകവും പകർന്നുനൽകി ഒ.ഐ.സി.സി കുവൈത്ത് ‘ഓണപ്പൊലിമ’. വൈവിധ്യമാർന്ന കലാപരിപാടികളും ഓണസദ്യയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ചടങ്ങ് കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ആക്ടിംഗ് പ്രസിഡന്റ് ബി.എസ്.പിള്ള അധ്യക്ഷത വഹിച്ചു.
പ്രവാസികളുൾപ്പെടെ എല്ലാവരെയും ചേർത്തുപിടിക്കുന്ന സമീപനമാണ് കേരളത്തിലെ യു.ഡി.എഫ് സർക്കാരിന്റേതെന്നും വിദ്യാഭ്യാസം, ആരോഗ്യം ഉൾപ്പെടെയുള്ള മേഖലകളിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും അവർ അഭിപ്രായപ്പെട്ടു. മലയാളികൾക്ക് പുറമെ മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിദേശികളും പരിപാടിയിൽ പങ്കെടുത്തു. പ്രവാസലോകത്തെ സാംസ്കാരിക ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും വേദിയായി ഓണപ്പൊലിമ മാറി.
ഒ.ഐ.സി.സി കുവൈത്ത് കൾച്ചറൽ വിംഗിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ച് അവതരിപ്പിച്ച ‘തൂഫാൻ’ അടിസ്ഥാനമാക്കിയുള്ള ‘കലിങ്ക് പറഞ്ഞ കഥ’ എന്ന നാടകവും അരങ്ങേറി. സി.ബി.എസ്.ഇ 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ‘അച്ചീവേഴ്സ് അവാർഡ്’ ചടങ്ങിൽ സമ്മാനിച്ചു. ഒ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.എ.നിസാം സ്വാഗതം പറഞ്ഞു. ഗ്ലോബൽ കമ്മിറ്റി അംഗം വർഗീസ് പുതുക്കുളങ്ങര മുഖ്യപ്രഭാഷണം നടത്തി.
ഒ.ഐ.സി.സി ‘ഓണപ്പൊലിമ’ സദസ്സ്
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഹാരിത് ഖേതാൻ, ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും ഫൗണ്ടറും സി.ഇ.ഒയുമായ മുസ്തഫ ഹംസ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ജിബു ടി. ജോൺ, കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് റഊഫ് മഷൂർ തങ്ങൾ, ഒ.ഐ.സി.സി വൈസ് പ്രസിഡന്റുമാരായ ബിനു ചെമ്പാലയം, വിപിൻ മങ്ങാട്ട്, ജോബിൻ ജോസ്, പ്രോഗ്രാം കൺവീനർ നിബു ജേക്കബ്, ഇലിയാസ് പൊതുവാച്ചേരി എന്നിവർ ആശംസകൾ അർപ്പിച്ചു. ഒ.ഐ.സി.സി ട്രഷറർ സൂരജ് കണ്ണൻ നന്ദി രേഖപ്പെടുത്തി.

