ഇന്ത്യൻ ഫുട്ബാളിന് ടീമൊരുക്കാൻ കേരളം മുന്നോട്ടുവരണം
text_fieldsഉസാമ അബ്ദുൽ റസാഖ് ഫഹാഹീൽ
ലോകത്തുള്ള ചെറുതും വലുതുമായ 32 രാജ്യങ്ങൾ ഫുട്ബാൾ വിശ്വമാമാങ്കത്തിൽ അണിനിരന്നപ്പോൾ ആൾബലം കൊണ്ട് മുന്നിൽനിൽക്കുന്ന ഇന്ത്യ മഹാരാജ്യത്തിന്റെ ഒരു ടീമിനെ അവിടെ കാണാൻ സാധിച്ചില്ല. നമ്മളെപ്പോഴും പരിതപിക്കുന്ന ഒരു കാര്യം തന്നെയാണിത്.
ഇന്ത്യ എന്ന രാജ്യത്തിന്റെ വിശാലതയും രാഷ്ട്രീയ സാഹചര്യങ്ങളും ഒരു പക്ഷേ, മികവാർന്ന ഒരു ടീമിനെ വാർത്തെടുക്കുന്നതിൽ പരാജയപ്പെട്ടിട്ടുണ്ടെങ്കിലും, കേരളം എന്ന എല്ലാ നിലക്കും ജ്വലിച്ചുനിൽക്കുന്ന നമ്മുടെ സംസ്ഥാനത്തിന് ഇതിന് മുൻകൈയെടുത്തുകൂടെ? 20 വർഷം മുന്നിൽക്കണ്ടുകൊണ്ടുള്ള തയാറെടുപ്പ് നടത്തിയാൽ ഇന്ത്യക്ക് മികച്ചൊരു ടീമിനെ നൽകാൻ കേരളത്തിനാകും.
കാരണം നമ്മുടെ ഒരു ജില്ലയോളം പോലുമില്ലാത്ത രാജ്യങ്ങൾ ഉയർന്ന നിലയിൽ കളിയിൽ പെർഫോം ചെയ്യുന്നു. രാജ്യത്തിന് എത്രയോ മികച്ച കളിക്കാരെ സംഭാവന ചെയ്ത ഇടമാണ് കേരളം. ഇന്നും ഇന്ത്യൻ ടീമിന്റെ ഭാഗമായി നിരവധി മലയാളികളുണ്ട്. കേരള ജനതയുടെ ഫുട്ബാൾ ജ്വരവും പെരുമകേട്ടതാണ്. ആ കളിജ്വരത്തിന്റെ അല്പം ഭാഗം കളിക്കാരെ സൃഷ്ടിക്കുന്ന ശ്രമത്തിലേക്കായി തിരിച്ചുവിട്ടാൽ നല്ല കുറെ കളിക്കാരെ നമുക്ക് കിട്ടും. അതുവഴി ഇന്ത്യക്കായി ലോക ഫുട്ബാളിൽ മലയാളിയുടെ സാന്നിധ്യം സൃഷ്ടിക്കാനുമാകും.
സാർവദേശീയ തലത്തിൽ രാജ്യത്തിന്റെ യശസ്സുയർത്തിപ്പിടിക്കുന്ന ഫുട്ബാൾ ടീമിനെ വാർത്തെടുക്കാൻ എല്ലാ വിധത്തിലും റിസോഴ്സസുള്ള സംസ്ഥാനമാണ് കേരളം. സർക്കാറുകൾക്ക് അതിനു മുഖ്യ ശ്രദ്ധ കൊടുക്കാൻ സാധിച്ചിട്ടില്ലെങ്കിലും നമ്മുടെ നാട്ടിൽ എത്രയോ ബിസിനസുകാരുണ്ട്. അവരുടെ സ്പോൺസർഷിപ്പിൽ വ്യവസ്ഥാപിതമായി വിദേശ കോച്ചുമാരുടെ മേൽനോട്ടത്തിൽ മികച്ച പരിശീലനത്തിലൂടെ കളിക്കാരെ വാർത്തെടുക്കാൻ ശ്രമിച്ചുകൂടെ! അതിനുവേണ്ടിയാകട്ടെ ഇനിയുള്ള ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

