കേരള പ്രസ് ക്ലബ് മാധ്യമസമ്മേളനം 24ന്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ കേരള പ്രസ് കുവൈത്ത് സംഘടിപ്പിക്കുന്ന മാധ്യമസമ്മേളനം ഈ മാസം 24ന് വൈകീട്ട് ആറുമുതൽ ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
മുതിർന്ന മാധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് സ്ഥാപകനും ചലച്ചിത്ര നടനുമായ ശശികുമാർ സമ്മേളനത്തിൽ മുഖ്യാതിഥിയായിരിക്കും. ഫോട്ടോ ജേണലിസ്റ്റ് ഗഫൂർ മൂടാടിയുടെ സ്മരണാർഥം പ്രസ് ക്ലബ് ഏർപ്പെടുത്തിയ ന്യൂസ് ഫോട്ടോ അവാർഡ് ജേതാവിനെ ചടങ്ങിൽ പ്രഖ്യാപിക്കും.
പ്രശസ്ത പിന്നണി ഗായികയും കേരള സംഗീത നാടക അക്കാദമി വൈസ് ചെയർപേഴ്സനുമായ പുഷ്പാവതി നയിക്കുന്ന സംഗീതപരിപാടിയും അരങ്ങേറും. ഹംസ വാളഞ്ചേരി (ഹാർമോണിയം), അഭിജിത് (ഗിത്താർ), ഹരികുമാർ (തബല) എന്നിവരും സംഗീതപരിപാടിയുടെ ഭാഗമാകും.

