കേരള ഇസ്ലാമിക് കൗൺസിൽ മീലാദ് കോൺഫറൻസ് ഇന്നും നാളെയും
text_fieldsകെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി, കേന്ദ്ര പ്രസിഡന്റ് അബ്ദുൽ
ഗഫൂർ ഫൈസി, കേന്ദ്ര മീഡിയ ആൻഡ് ഐ.ടി സെക്രട്ടറി എൻജിനീയർ
മുനീർ പെരുമുഖം എന്നിവർ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) വ്യാഴം, വെള്ളി ദിവസങ്ങളിൽ മീലാദ് കോൺഫറൻസ് ‘മുഹബ്ബത്തെ റസൂൽ 2023’ നബിദിന മഹാസമ്മേളനം സംഘടിപ്പിക്കും. അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ നടത്തുന്ന പരിപാടിയിൽ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറർ ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി, സിറാജുദ്ദീൻ അൽ ഖാസിമി പത്തനാപുരം എന്നിവർ വിശിഷ്ടാതിഥികളാകും.
വ്യാഴാഴ്ച ഇശാ നമസ്കാരശേഷം മജ്ലിസുന്നൂർ ആത്മീയ സദസ്സ്, വെള്ളിയാഴ്ച അസ്ർ നമസ്കാരശേഷം ബുർദ മജ്ലിസ്, മഗ്രിബ് നമസ്കാരശേഷം മൗലീദ് സദസ്സ്, തുടർന്ന് നബിദിന മഹാസമ്മേളനം. കെ.ഐ.സി മൊബൈൽ അപ്ലിക്കേഷന്റെ ലോഞ്ചിങ്ങും സമ്മേളനത്തിൽ നിർവഹിക്കും. സംഘടന അംഗങ്ങളിൽ നിർധനരായവർക്ക് നൽകുന്ന ‘പ്രവർത്തകനൊരു വീട്’ പദ്ധതിയുടെ മൂന്ന്, നാല് വീടുകളുടെ പ്രഖ്യാപനവും സമ്മേളനത്തിൽ നടക്കും.
കുവൈത്തിൽ 25 വർഷം പൂർത്തിയാക്കുന്ന സംഘടനയുടെ സിൽവർ ജൂബിലിയോടനുബന്ധിച്ച് 25 മാസം നീണ്ടുനിൽക്കുന്ന 25 കർമ പദ്ധതികൾ നടപ്പിലാക്കിവരുകയാണ്. കുടിവെള്ള പദ്ധതികൾ, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, വിധവാ സഹായങ്ങൾ, പുസ്തക പ്രസിദ്ധീകരണങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, ആംബുലൻസ് സമർപ്പണം, പെൻഷൻ പദ്ധതികൾ തുടങ്ങിയവയാണ് പദ്ധതികൾ.
സിൽവർ ജൂബിലി പദ്ധതികളിൽപ്പെട്ട, നിർധനരായ 25 യുവതീ യുവാക്കളുടെ വിവാഹത്തിൽ ഒമ്പത് പെൺകുട്ടികളുടേത് ഒക്ടോബർ 31നകം നിശ്ചയിച്ചിരിക്കുകയാണ്. ആദ്യഘട്ടത്തിൽ നാലു പെൺകുട്ടികളുടെ വിവാഹം നടത്തി. രണ്ടാംഘട്ടമായി ബാക്കി 12 വിവാഹങ്ങളും നടത്തും.
അക്ഷരക്കൂട്ട് പദ്ധതിയിൽ 25 പുസ്തകങ്ങൾ ഒന്നിച്ച് വായനക്കാരുടെ കരങ്ങളിലെത്തിക്കുന്നതിന്റെ പ്രീ പബ്ലിക്കേഷൻ പുരോഗമിക്കുകയാണ്. വാർത്തസമ്മേളനത്തിൽ കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി, കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി, കേന്ദ്ര മീഡിയ ആൻഡ് ഐ.ടി സെക്രട്ടറി എൻജിനീയർ മുനീർ പെരുമുഖം എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

