കേരള ഇസ്ലാമിക് കൗൺസിൽ നബിദിന സമ്മേളനത്തിന് സമാപനം
text_fieldsകേരള ഇസ്ലാമിക് കൗൺസിൽ സംഘടിപ്പിച്ച നബിദിന സമ്മേളനത്തിൽനിന്ന്
കുവൈത്ത് സിറ്റി: ‘മിത്തല്ല മുത്ത് റസൂൽ, ഗുണകാംക്ഷയാണ് സത്യദീൻ’ പ്രമേയത്തിൽ കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) സംഘടിപ്പിച്ച മുഹബ്ബത്തെ റസൂൽ-23 നബിദിന മഹാസമ്മേളനം വൻ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ മജ്ലിസുന്നൂർ ആത്മീയ സദസ്സ്, പ്രാർഥന സംഗമം, ബുർദ മജ്ലിസ്, ഗ്രാൻഡ് മൗലിദ്, കുവൈത്ത് സുപ്രഭാതം ഓൺലൈൻ ലോഞ്ചിങ്, കെ.ഐ.സി മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ചിങ്, പൊതുസമ്മേളനം എന്നിവ നടന്നു.
പ്രമുഖ പണ്ഡിതനും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷററുമായ ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി നബിദിന മഹാസംഗമം ഉദ്ഘാടനം ചെയ്തു. മനുഷ്യജീവിതത്തിലെ അനിവാര്യമായ നന്മകൾ ഓരോന്നായി മനസ്സിൽനിന്ന് പടിയിറങ്ങിപ്പോകുന്ന ഏറെ പ്രയാസകരമായ കാലത്ത്, വിദ്വേഷങ്ങളും വെറുപ്പും വർധിച്ചുവരുമ്പോൾ പ്രവാചകൻ പഠിപ്പിച്ച കാരുണ്യത്തിന്റെ പാഠങ്ങൾ ജീവിതത്തിൽ പകർത്താൻ വിശ്വാസി സമൂഹം മുന്നോട്ടുവരണമെന്ന് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ ഓർമപ്പെടുത്തി.
പ്രഗല്ഭ പണ്ഡിതനും പ്രഭാഷകനുമായ സിറാജുദ്ദീൻ അൽ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തി. പ്രവാചക സ്നേഹം മുസ്ലിമിന്റെ ബാധ്യതയാണെന്നും നമ്മുടെ ദൈനംദിന ചര്യകളിൽ പ്രവാചകരെ പിൻപറ്റിയാൽ മാത്രമേ പ്രവാചക സ്നേഹം പരിപൂർണമാവൂവെന്നും അദ്ദേഹം പറഞ്ഞു. സമാപന സമ്മേളനത്തിൽ ഇസ്ലാമിക് കൗൺസിൽ ചെയർമാൻ ശംസുദ്ദീൻ ഫൈസി അധ്യക്ഷത വഹിച്ചു. കെ.ഐ.സി ആപ്ലിക്കേഷൻ ലോഞ്ചിങ്, സുപ്രഭാതം കുവൈത്ത് ഓൺലൈൻ ലോഞ്ചിങ്, പ്രവർത്തകർക്കുള്ള രണ്ടു വീടിന്റെ പ്രഖ്യാപനം, അൽ മഹബ്ബ സുവനീർ പ്രകാശനം, കെ.ഐ.സി സിൽവർ ജൂബിലി പദ്ധതിയായ ആംബുലൻസ് പ്രഖ്യാപനം തുടങ്ങിയവ സമർപ്പിച്ചു. തുടർന്ന് ‘കെ.ഐ.സി കർമപഥങ്ങളിലൂടെ’ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
കെ.എം.സി.സി ജനറൽ സെക്രെട്ടറി ശറഫുദ്ദീൻ കണ്ണേത്ത്, കെ.കെ.എം.എ ചെയർമാൻ എ.പി അബ്ദുൽ സലാം എന്നിവർ ആശംസ നേർന്നു. ഇസ്ലാമിക് കൗൺസിൽ നേതാക്കളായ ഉസ്മാൻ ദാരിമി, സൈനുൽ ആബിദ് ഫൈസി, അബ്ദുല്ലത്തീഫ് എടയൂർ, ഇല്യാസ് മൗലവി, മുസ്തഫ ദാരിമി, കുഞ്ഞഹമ്മദ് കുട്ടി കുട്ടി ഫൈസി, ഹകീം മൗലവി, ഇസ്മായിൽ ഹുദവി, നാസർ കോഡൂർ, ശിഹാബ് മാസ്റ്റർ, എൻജിനീയർ അബ്ദുൽ മുനീർ പെരുമുഖം, ഹുസ്സൻ കുട്ടി നീരാണി, ഫൈസൽ കുണ്ടൂർ, ഫാസിൽ കരുവാരകുണ്ട്, അമീൻ മുസ്ലിയാർ, തുടങ്ങിയവർ നേതൃത്വം നൽകി. പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി സ്വാഗതവും ട്രഷറർ ഇ.എസ്. അബ്ദുറഹ്മാൻ ഹാജി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

