ഒരുദിവസം കൊണ്ട് പ്രവാസി ജീവനക്കാർ സമാഹരിച്ചത് 1200 കിലോ സാധനങ്ങൾ
text_fieldsകുവൈത്ത് സിറ്റി: കേരളത്തിലെ പ്രളയബാധിതരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവാസി ജീവനക്കാർ രംഗത്തെത്തിയപ്പോൾ ഒരുദിവസം കൊണ്ട് സമാഹരിച്ചത് 1200 കിലോ സാധനങ്ങൾ. കെ.ആർ.എച്ച് കമ്പനിയിലെ ജീവനക്കാരാണ് പ്രളയക്കെടുതി അനുഭവിക്കുന്നവരെ സഹായിക്കാൻ മുന്നിട്ടിറങ്ങിയത്. ജീവനക്കാരായ 100 പേർ രംഗത്തിറങ്ങിയപ്പോൾ 12 മണിക്കൂറിനുള്ളിൽ തന്നെ ഇത്രയും സാധനങ്ങൾ സമാഹരിക്കാനായി.
കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷൻമാർക്കുമുള്ള പുതിയ വസ്ത്രങ്ങൾ, സാനിറ്ററി നാപ്കിനുകൾ, ബ്ലാങ്കറ്റുകൾ, പുതപ്പുകൾ എന്നിവയാണ് സമാഹരിച്ച് പാക്ക് ചെയ്തത്. ഇവ നാട്ടിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് പദ്ധതിക്ക് നേതൃത്വം നൽകിയവർ പറഞ്ഞു. കമ്പനിയിലെ ഒാപറേഷൻസ് മാനേജർ ഹസൻ, സജിത് ഉണ്ണികൃഷ്ണൻ, സൈമൺ, സബിൻ, എം.സി. സജിത്, പ്രതീഷ്, അനൂപ് എന്നിവരാണ് നേതൃത്വം നൽകിയത്.
