പുതിയ സീസണിൽ പന്തുതട്ടാനൊരുങ്ങി ‘കെഫാക്’
text_fieldsകേരള എക്സ്പാറ്റ് ഫുട്ബാൾ അസോസിയേഷൻ കുവൈത്ത് ഭാരവാഹികൾ വാർത്ത
സമ്മേളനത്തിൽ
കുവൈത്ത് സിറ്റി: കേരള എക്സ്പാറ്റ് ഫുട്ബാൾ അസോസിയേഷൻ കുവൈത്ത് (കെഫാക്) 2025-26 പുതിയ സീസണ് സെപ്റ്റംബർ 19ന് തുടക്കമാകും. പുതിയ സീസണിൽ കെഫാകിൽ രജിസ്റ്റർ ചെയ്ത 600ൽ പരം മലയാളി താരങ്ങളും ഓരോ ക്ലബിൽനിന്നും രണ്ട് മലയാളി ഇതര കളിക്കാരും ബൂട്ടണിയും. 19 മുതൽ 2026 ജൂൺ ആദ്യവാരം വരെ നീളുന്ന ഫുട്ബാൾ മാമാങ്കത്തിൽ കേരളത്തിൽ പ്രമുഖ ക്ലബുകളിൽ കളിച്ചിട്ടുള്ള കളിക്കാരും മുൻ സ്റ്റേറ്റ്, ദേശീയ കളിക്കാരും ഉൾപ്പെടുന്ന മികച്ച കളിക്കാർ അണിനിരക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിലെയും പ്രവാസി ഫുട്ബാളിലെയും പ്രശസ്ത വെറ്ററൻസ് താരങ്ങൾ അണിനിരക്കുന്ന മാസ്റ്റേഴ്സ് ലീഗും യുവരക്തങ്ങൾ മാറ്റുരക്കുന്ന സോക്കർ ലീഗുമായാണ് മത്സരങ്ങൾ നടക്കുക. കെഫാകിലെ പ്രതിനിധി ക്ലബുകൾ സംഘടിപ്പിക്കുന്ന വ്യത്യസ്ത ടൂർണമെന്റുകളും കെഫാക് അവതരിപ്പിക്കുന്ന 11 സൈഡ് നോക്ഔട്ട് ടൂർണമെന്റും ഈ സീസണിലെ പ്രത്യേകതയാണ്. കൂടാതെ അന്തർജില്ല മത്സരങ്ങളും സംഘടിപ്പിക്കും. എല്ലാ വെള്ളിയാഴ്ചകളിലും വൈകീട്ട് മൂന്നു മുതൽ 10 മണിവരെയാകും മത്സരങ്ങൾ.
19ന് വൈകീട്ട് മൂന്നിന് ഫഹാഹീൽ സൗക് സബഹ് പബ്ലിക് അതോറിറ്റി ഓഫ് യൂത്ത് ആൻഡ് സ്പോർട്സ് സ്റ്റേഡിയയത്തിൽ കുവൈത്ത് ഇന്റർനാഷനൽ ഫുട്ബാളർമാരായ ഫഹദ് ഹമ്മുദ് ഹാദി അൽ റഷീദി, സലേഹ് ശൈഖ് എന്നിവർ ചേർന്ന് മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ജേതാക്കളായ കേരള ചലഞ്ചേഴ്സ് മാക് കുവൈത്തുമായി ഏറ്റുമുട്ടും.
വാർത്തസമ്മേളനത്തിൽ കെഫാക് പ്രസിഡന്റ് ടി.വി. സിദ്ദീഖ്, ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ്, വൈസ് പ്രസിഡന്റ് ഫ്രവീൺ ഫ്രാൻസിസ്, ട്രഷറർ ജോർജ് ജോസഫ്, സ്പോട്സ് സെക്രട്ടറി അബ്ദുൽ റഹ്മാൻ, എ.വി. നൗഫൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

