കേഫാക് ഫുട്ബാള്‍ മേള: സിൽവർ സ്റ്റാർ, ചാമ്പ്യൻസ് ഫൈനലിൽ
text_fieldsകെഫാക് ഫുട്ബാൾ ലീഗ് സെമിഫൈനൽ മത്സരം
കുവൈത്ത് സിറ്റി: കേഫാക് സോക്കര്‍ ലീഗ് ഫൈനലില്‍ സിൽവർ സ്റ്റാർ എഫ്.സി ചാമ്പ്യൻസ് എഫ്.സിയെ നേരിടും. കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമി ഫൈനലില്‍ ട്രിവാൻഡ്രം സ്ട്രൈക്കേഴ്സ് എഫ്.സിയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി സിൽവർ സ്റ്റാർ എഫ്.സി ഫൈനലിൽ കടന്നു. സിൽവർ സ്റ്റാർസ് എഫ്.സിക്ക് വേണ്ടി അനസ്, വസീം എന്നിവർ ഇരട്ട ഗോൾ നേടിയപ്പോൾ ക്യാപ്റ്റൻ മുനീര്‍ ഒരു ഗോൾ നേടി.
രണ്ടാം സെമിയില്‍ ചാമ്പ്യൻസ് എഫ്.സി യങ് ഷൂട്ടേഴ്സ് അബ്ബാസിയയെ ഒരു ഗോളിന് പരാജയപ്പെടുത്തി. തുടര്‍ച്ചയായ മുന്നാം തവണയാണ് ചാമ്പ്യൻസ് എഫ്.സി സോക്കര്‍ ലീഗ് ഫൈനലില്‍ എത്തുന്നത്. രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി ഗോളിലാണ് ചാമ്പ്യൻസ് എഫ്.സി ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്. കടുത്ത തണുപ്പിനെ അവഗണിച്ചും നൂറുക്കണക്കിന് ഫുട്ബാള്‍ പ്രേമികളാണ് മത്സരങ്ങള്‍ കാണാന്‍ മിശ്രിഫ് സ്റ്റേഡിയത്തിലെത്തിയത്.
പഴയകാല ഫുട്ബാൾ താരങ്ങൾ അണിനിരന്ന മാസ്റ്റേഴ്സ് ലീഗ് സെമി ഫൈനലും വാശിയേറിയ പോരാട്ടങ്ങള്‍ക്കാണ് വേദിയായത്. നിലവിലെ ലീഗ് ചാമ്പ്യന്മാരായ സിയസ്കോ കുവൈത്തിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ബിഗ്ബോയ്സ് എഫ്.സി ഫൈനലിൽ സ്ഥാനമുറപ്പിച്ചു. ആദ്യ പകുതിയിൽ സിദ്ദീഖ് നേടിയ ഗോളിലാണ് ബിഗ്ബോയ്സിന്റെ വിജയം. രണ്ടാം സെമി ഫൈനലിൽ മാക് കുവൈത്ത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബ്രദേഴ്സ് കേരളയെ പരാജയപ്പെടുത്തി. ഷിഹാബാണ് രണ്ട് ഗോളുകളും നേടിയത്.
വെള്ളിയാഴ്ച നടക്കുന്ന മാസ്റ്റേഴ്സ് ലീഗ് ഫൈനലിൽ മാക് കുവൈത്ത് ബിഗ്ബോയ്സ് എഫ്.സിയേയും സോക്കര്‍ ലീഗ് ഫൈനലില്‍ സിൽവർ സ്റ്റാർ എഫ്.സി ചാമ്പ്യൻസ് എഫ്.സിയേയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

