കെഫാക് സോക്കർ ലീഗ്: മാക് കുവൈത്ത്, സി.എഫ്.സി സാൽമിയ ടീമുകൾക്ക് ജയം
text_fieldsകെഫാക് സോക്കർ ലീഗ് മത്സരത്തിൽ കേരള ചലഞ്ചേഴ്സ്, ബ്ലാസ്റ്റേഴ്‌സ് കുവൈത്തിനെ നേരിടുന്നു
കുവൈത്ത് സിറ്റി: കെഫാക് സീസൺ ഒമ്പത് സോക്കർ ലീഗ് ഗ്രൂപ് ബിയിലെ മത്സരങ്ങളിൽ മാക് കുവൈത്ത്, സി.എഫ്.സി സാൽമിയ ടീമുകൾക്ക് ജയം. സി.എഫ്.സി സാൽമിയ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് സിയസ്കോ കുവൈത്തിനെ പരാജയപ്പെടുത്തി. വിജയികൾക്കുവേണ്ടി വസിം ഇരട്ട ഗോളുകൾക്ക് നേടിയപ്പോൾ ക്യാപ്റ്റൻ ഫാസിൽ, ഫവാസ്, ഫസൽ എന്നിവർ ഓരോ ഗോളുകൾ നേടി. തുല്യശക്തികൾ മുഖാമുഖം വന്ന മാക് കുവൈത്ത് - ഫഹാഹീൽ ബ്രദേഴ്‌സ് മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മാക് കുവൈത്ത് ഫഹാഹീൽ ബ്രദേഴ്സിനെ പരാജയപ്പെടുത്തി. ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെ ആഷിക് മാക് കുവൈത്തിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ യൂനുസിലൂടെ ഫഹാഹീൽ സമനില ഗോൾ നേടിയെങ്കിലും മൻസൂർ നേടിയ ഗോളിൽ മാക് കുവൈത്ത് വിജയം ഉറപ്പിച്ചു. കേരള ചലഞ്ചേഴ്‌സും ബ്ലാസ്റ്റേഴ്‌സ് കുവൈത്തും ഇന്നൊവേറ്റിവ് ട്രിവാൻഡ്രം എഫ്.സിയും ചാമ്പ്യൻസ് എഫ്.സിയും തമ്മിലുള്ള മത്സരങ്ങൾ ഗോൾരഹിത സമനിലയിൽ അവസാനിച്ചു. മികച്ച താരങ്ങളായി ശരത്ത് (ബ്ലാസ്റ്റേഴ്‌സ് കുവൈത്ത്) റോയ് (ഇന്നൊവേറ്റിവ് ട്രിവാൻഡ്രം എഫ്.സി), ഫാസിൽ (സി.എഫ്.സി സാൽമിയ), സുധീഷ് (മാക് കുവൈത്ത്) എന്നിവരെ തിരഞ്ഞെടുത്തു. അടുത്ത വെള്ളിയാഴ്ച ഗ്രൂപ് എയിലെ മത്സരങ്ങൾ നടക്കും.

