കെഫാക് ഇന്നൊവേറ്റിവ് സോക്കർ ലീഗ്; ഫ്ലൈറ്റേഴ്സ് എഫ്.സിക്ക് ജയം
text_fieldsകെഫാക് ഇന്നൊവേറ്റിവ് സോക്കർ ആൻഡ് മാസ്റ്റേഴ്സ് ലീഗ് സംഘടിപ്പിക്കുന്ന സോക്കർ ലീഗ് മത്സരങ്ങളിൽനിന്ന്
കുവൈത്ത് സിറ്റി: കെഫാക് ഇന്നൊവേറ്റിവ് സോക്കർ ആൻഡ് മാസ്റ്റേഴ്സ് ലീഗ് സംഘടിപ്പിക്കുന്ന സോക്കർ ലീഗ് മത്സരങ്ങൾ പുരോഗമിക്കുന്നു. ഗ്രൂപ്-ബിയിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഫ്ലൈറ്റേഴ്സ് എഫ്.സിക്ക് വിജയം. ഗ്രൂപ്-ബിയിലെ മറ്റ് മൂന്ന് മത്സരങ്ങളും സമനിലയിൽ കലാശിച്ചു.
ആദ്യ മത്സരത്തിൽ കുവൈത്ത് കേരള സ്റ്റാർസിനെ പരാജയപ്പെടുത്തിയ ഫ്ലൈറ്റേഴ്സ് എഫ്.സി തുർച്ചയായ രണ്ടാം ജയമാണ് സ്വന്തമാക്കിയത്. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ഫ്ലൈറ്റേഴ്സ് എഫ്.സിയുടെ ജയം. ഫ്ലൈറ്റേഴ്സിനുവേണ്ടി നിഖിൽ ദിനേശൻ, സന്ദീപ് എന്നിവരാണ് വലകുലുക്കിയത്.
ആവേശം വാനോളം ഉയർന്ന രണ്ടാം മത്സരത്തിൽ റൗദ എഫ്.സിയും ബിഗ്ബോയ്സ് എഫ്.സിയും രണ്ട് ഗോളുകൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു. ആദ്യപകുതിയിൽ ഹസീബും നൂർ മുഹമ്മദും നേടിയ രണ്ട് ഗോളിലൂടെ മുന്നിട്ട് നിന്ന ബിഗ്ബോയ്സ് എഫ്.സിയെ രണ്ടാം പകുതിയിൽ വാശിയോടെ പൊരുതിക്കയറിയ റൗദ എഫ്.സിയുടെ മുഹമ്മദ് ഹാഫിൽ നേടിയ മനോഹരമായ രണ്ട് ഫ്രീ കിക്ക് ഗോളുകളിലൂടെ സമനിലയിൽ തളക്കുകയായിരുന്നു.
മൂന്നാം മത്സരമായ സോക്കർ കേരള-സിൽവർ സ്റ്റാർ എസ്.സി മത്സരവും ഓരോ ഗോൾ വീതം നേടി സമനിലയിൽ അവസാനിച്ചു. സോക്കർ കേരളക്കുവേണ്ടി ജിത്തുവും സിൽവർ സ്റ്റാർസിനുവേണ്ടി യൂസഫ് ഷഹീനുമാണ് സ്കോർ ചെയ്തത്. അവസാന മത്സരത്തിൽ യങ് ഷൂട്ടേഴ്സ് അബ്ബാസിയ-സിയസ്കോ കുവൈത്ത് തമ്മിലുള്ള മത്സരം കനത്ത പോരാട്ടത്തിലേക്ക് പോയെങ്കിലും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.
യങ് ഷൂട്ടേഴ്സിനുവേണ്ടി ഫസ്ലാനും സിയസ്കോക്കു വേണ്ടി ഷാനവാസും ഗോളുകൾ നേടി. മത്സരങ്ങളിലെ മോസ്റ്റ് വാല്യുവബിൾ താരങ്ങളായി നിഖിൽ ദിനേശൻ (ഫ്ലൈറ്റേഴ്സ് എഫ്.സി), മുഹമ്മദ് ഹാഫിൽ (റൗദ എഫ്.സി), നജീം (സിൽവർ സ്റ്റാർസ് എസ്.സി), ഹിബത്ത് റഹ്മാന് (സിയസ്കോ കുവൈത്ത്) എന്നിവരെ തിരഞ്ഞെടുത്തു.
വെള്ളിയാഴ്ച നടന്ന മത്സരങ്ങളിൽ ഡിസൈൻ എയിം പ്രിന്റിങ് സൊല്യൂഷൻ മാനേജിങ് ഡയറക്ടർ സന്തോഷ് നാരായണൻ മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് മൻസൂർ കുന്നത്തേരി, സെക്രട്ടറി ജോസ് കാർമെൻറ്, ട്രഷറർ മൻസൂർ അലി, കെഫാക് മാനേജിങ് കമ്മിറ്റി അംഗങ്ങളായ ടി.വി. സിദ്ദീഖ്, ബിജു ജോണി, അബ്ദുൽ റഹ്മാൻ, എ.വി. നൗഫൽ, ഫൈസൽ ഇബ്രാഹിം, ഖമറുദ്ദീൻ, അബ്ദുൽ ലത്തീഫ്, ഷനോജ് ഗോപി, സജു, ഷുഹൈബ്, റബീഷ്, ഉമർ അലി, ജോർജ് ജോസഫ്, സാജു, ജിജോ, കെ.സി. നൗഷാദ്, നാസർ, റോബർട്ട് ബർണാഡ്, ഹനീഫ എന്നിവർ പങ്കെടുത്തു. അടുത്ത വെള്ളിയാഴ്ച റൗദ എഫ്.സി കെഫാക്കുമായി സഹകരിച്ച് സീസണിലെ ആദ്യ സെവൻ എ സൈഡ് ലെജൻഡ് മാസ്റ്റേഴ്സ് കപ്പ് നോക്കൗട്ട് ഫുട്ബാൾ ടൂർണമെന്റും നടക്കും. കെഫാക്കിലെ 18 ടീമുകൾ പങ്കെടുക്കും. മത്സരങ്ങൾ വൈകീട്ട് മൂന്നിന് ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

