കെ.സി.എ-ബി.എഫ്.സി ദ ഇന്ത്യൻ ടാലന്റ് സ്കാൻ 2024ന് പ്രൗഢ തുടക്കം
text_fieldsകെ.സി.എ-ബി.എഫ്.സി ദ ഇന്ത്യൻ ടാലന്റ് സ്കാൻ 2024 ഉദ്ഘാടനച്ചടങ്ങ്
മനാമ: കെ.സി.എ-ബി.എഫ്.സി ദ ഇന്ത്യൻ ടാലന്റ് സ്കാൻ 2024ന് തിരിതെളിഞ്ഞു. മലയാള ഫിലിം ഇൻഡസ്ട്രിയിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനറും സംസ്ഥാന പുരസ്കാര ജേതാവുമായ സഖി എൽസ മുഖ്യാതിഥിയായി പങ്കെടുത്തു.
ബി.എഫ്.സി മാർക്കറ്റിങ് മാനേജർ അരുൺ വിശ്വനാഥൻ, ജി.ഡി.എൻ മീഡിയ മാർക്കറ്റിങ് ആൻഡ് സെയിൽസ് മാനേജർ ജലാൽ ജാഫർ ഹാജി, ഇന്ത്യൻ സ്കൂൾ കമ്മിറ്റി മെംബർ ബിജു ജോർജ്, ന്യൂ ഹൊറിസൺ സ്കൂൾ ചെയർമാൻ ജോയ് മാത്യൂസ്, ഏഷ്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ടി.ജെ. ആന്റണി ജൂഡ്, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, ന്യൂ ഹൊറിസൺ സ്കൂൾ പ്രിൻസിപ്പൽ വന്ദന സതീഷ് എന്നിവർ വിശിഷ്ടാതിഥികളായി.
കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു. ‘കെ.സി.എ-ബി.എഫ്.സി ദ ഇന്ത്യൻ ടാലന്റ് സ്കാൻ 2024’ ചെയർമാൻ വർഗീസ് ജോസഫ് ആശംസകൾ നേർന്നു. ടാലന്റ് സ്കാൻ മത്സരങ്ങളുടെ മാർഗനിർദേശങ്ങളും നിബന്ധനകളും അദ്ദേഹം വിശദീകരിച്ചു. വൈസ് പ്രസിഡന്റ്, ഐ.ടി.എസ് എക്സ്ഓഫിഷ്യോ ലിയോ ജോസഫ് നന്ദി പറഞ്ഞു.
കെ.സി.എ കോർ ഗ്രൂപ് ചെയർമാൻ അരുൾദാസ് തോമസ്, സ്പോൺസർഷിപ് ചെയർമാൻ എബ്രഹാം ജോൺ, മുൻ പ്രസിഡന്റുമാരായ വർഗീസ് കാരയ്ക്കൽ, റോയ് സി. ആന്റണി, നിത്യൻ തോമസ് എന്നിവരോടൊപ്പം ക്ഷണിക്കപ്പെട്ട അതിഥികളും ടാലന്റ് സ്കാൻ കമ്മിറ്റി അംഗങ്ങളും മത്സരാർതികളും മാതാപിതാക്കളും കെ.സി.എ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിനുശേഷം 52ലധികം മത്സരാർഥികൾ പങ്കെടുത്ത ഫാഷൻ ഷോ മത്സരവും നടന്നു. രണ്ടു മാസത്തോളം നീളുന്ന മത്സരങ്ങളിൽ ആയിരത്തിലധികം കുട്ടികൾ പങ്കെടുക്കും. ഈ വർഷം 180ലധികം മത്സരയിനങ്ങൾ ഉണ്ടായിരിക്കും. 100ലധികം ടീമുകൾ ഗ്രൂപ് ഇവന്റുകളിൽ മാറ്റുരക്കും. 3000ത്തിലധികം ഇവന്റ് രജിസ്ട്രേഷനുകൾ ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ 20 വർഷത്തെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന രജിസ്ട്രേഷൻ ആണ് ഈ വർഷം ലഭിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. ഇന്ത്യൻ ടാലന്റ് സ്കാൻ ആറു മത്സരവിഭാഗങ്ങൾ ആയിട്ടാണ് തിരിച്ചിരിക്കുന്നത്. നാട്യരത്ന മത്സരങ്ങൾ, സംഗീതരത്ന മത്സരങ്ങൾ, കലാരത്ന മത്സരങ്ങൾ, സാഹിത്യ രത്ന മത്സരങ്ങൾ, ആഡ്-ഓൺ മത്സരങ്ങൾ, കൂടാതെ ടീം ഇന മത്സരങ്ങളുമുണ്ടാകും.
ഓരോ ഗ്രൂപ്പിലും ഏറ്റവും ഉയർന്ന പോയന്റ് നേടുകയും കുറഞ്ഞത് ഒരു ഒന്നാം സമ്മാനവും ഒരു എ ഗ്രേഡും കരസ്ഥമാക്കുന്ന മത്സരാർഥിക്ക് ഗ്രൂപ് ചാമ്പ്യൻഷിപ് അവാർഡ് നൽകും. കെ.സി.എ സ്പെഷൽ ഗ്രൂപ് ചാമ്പ്യൻഷിപ് അവാർഡ് കെ.സി.എ അംഗങ്ങളായ കുട്ടികൾക്ക് മാത്രമുള്ളതാണ്.
മാനദണ്ഡങ്ങൾ പാലിക്കുന്ന ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന ആൺകുട്ടിക്ക് കലാപ്രതിഭ അവാർഡും പെൺകുട്ടിക്ക് കലാതിലകം അവാർഡും സർട്ടിഫിക്കറ്റിനുമൊപ്പം എവർ റോളിങ് ട്രോഫിയും സമ്മാനിക്കും.
ഇന്ത്യൻ ടാലന്റ് സ്കാൻ 2024ൽ പങ്കെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന സ്കൂളുകൾക്ക് പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലും ആ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾക്ക് ലഭിച്ച മൊത്തം ഗ്രേഡ്/ജയിച്ച പോയന്റുകളുടെ അടിസ്ഥാനത്തിലും പ്രത്യേക അവാർഡ് നൽകുകയും ആദരിക്കുകയും ചെയ്യും. മികച്ച നൃത്ത അധ്യാപക അവാർഡും മികച്ച സംഗീത അധ്യാപക അവാർഡും നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

