കഠ്വ, ഉന്നാവ്: വ്യാപക പ്രതിഷേധം
text_fieldsകുവൈത്ത് സിറ്റി: കഠ്വ, ഉന്നാവ് സംഭവങ്ങളിൽ പ്രവാസലോകത്തും വ്യാപക പ്രതിഷേധം പടരുന്നു. സമൂഹ മാധ്യമങ്ങളിൽ പ്രവാസികൾ കഴിഞ്ഞദിവസങ്ങളിൽ ഇതുതന്നെയാണ് ചർച്ച ചെയ്യുന്നത്. പ്രൊഫൈൽ ചിത്രം ആസിഫയുടേത് നൽകിയും വയലറ്റ് നിറമണിയിച്ചും ആളുകൾ െഎക്യദാർഢ്യം പ്രകടിപ്പിക്കുന്നു. വിവിധ സംഘടനകളും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയാണ്. രാഷ്ട്രീയ, മത, സംഘടനാ ഭേദമന്യേ ഏതാണ്ട് എല്ലാവരും ഒറ്റ മനസ്സോടെ നിലകൊണ്ട സംഭവം സമീപകാലത്തുണ്ടായിട്ടില്ല. എട്ടുവയസ്സ് മാത്രമുള്ള ജമ്മുവിലെ ആസിഫ എന്ന പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത് അത്രയേറെ പ്രവാസി സമൂഹത്തെ നടുക്കിയിട്ടുണ്ട്.
ജെ.സി.സി
കുവൈത്ത് സിറ്റി: ഉന്നാവ് കൂട്ടബലാത്സംഗത്തിലും ജമ്മു-കശ്മീരിലെ കഠ്വ ജില്ലയിൽ എട്ടുവയസ്സുകാരി ആസിഫയെ ബലാത്സംഗം ചെയ്തു കൊന്നതിലും ജനത കൾചറൽ സെൻറർ (ജെ.സി.സി) പ്രതിഷേധിച്ചു. പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും സംഘ്പരിവാർ ഭീകരതക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും പ്രസിഡൻറ് സഫീർ പി. ഹാരിസ്, ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് എന്നിവർ പ്രതിഷേധ കുറിപ്പിൽ അറിയിച്ചു.
വെൽഫെയർ കേരള
അബ്ബാസിയ: ജമ്മുവില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ആസിഫ എന്ന ബാലികക്ക് നീതി ആവശ്യപ്പെട്ട് വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ ഓക്സ്ഫോര്‍ഡ് പാകിസ്താന് സ്കൂളില്‍ സംഘടിപ്പിച്ച പരിപാടിയിൽ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജബീന ഇർഷാദ്, വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡൻറ് ഖലീൽ റഹ്മാന് എന്നിവര്‍ സംബന്ധിച്ചു. ജസ്റ്റിസ് ഫോർ ആസിഫ എന്നെഴുതിയ ബാഡ്ജ് ധരിച്ച് പ്രതിഷേധ ജ്വാല തെളിയിച്ചാണ് ആളുകൾ സംഗമത്തില്‍ പങ്കെടുത്തത്.
െഎവ
കുവൈത്ത് സിറ്റി: ലോക മനഃസാക്ഷിയെ ഞെട്ടിച്ച കഠ്വ ബലാത്സംഗ കൊലപാതകത്തിലും ഉന്നാവ് സംഭവത്തിലും ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) പ്രതിഷേധം അറിയിച്ചു. നിയമപാലകരായി സംരക്ഷിക്കേണ്ടവർ തന്നെ വേട്ടക്കാരാവുകയും നീതിപാലകരാവേണ്ട അധികാരികൾ ഇത്തരം പൈശാചികതകൾക്കു കൂട്ടുനിൽക്കുന്നത് വേദനാജനകമാണ്. കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് ഐവ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
െഎ.എം.സി.സി
കുവൈത്ത് സിറ്റി: കഠ്വ, ഉന്നാവ് സംഭവങ്ങളിൽ ഐ.എം.സി.സി കുവൈത്ത് ഭാരവാഹികൾ കണ്ണു മൂടിക്കെട്ടി പ്രതിഷേധിച്ചു. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് ദിനംപ്രതി രാജ്യത്തിെൻറ വിവിധ കോണുകളിൽ അരങ്ങേറുന്നതെന്നും സംഭവങ്ങളിലെ ഇരകൾക്ക് നീതി ഉറപ്പുവരുത്തണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. എട്ടുവയസ്സ് മാത്രമുള്ള ജമ്മുവിലെ ആസിഫക്ക് നേരിടേണ്ടിവന്നത് മൃഗീയവും സമാനതകളില്ലാത്തതുമായ പീഡനമാണ്. ക്ഷേത്രത്തെ പീഡനസ്ഥലമായി തെരഞ്ഞെടുത്തതും പ്രതികളെ സംരക്ഷിക്കാൻ ദേശീയ പതാകയുമേന്തി ആസൂത്രിതമായി നടന്ന ശ്രമവും ഞെട്ടിക്കുന്നതാണ്. സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. ഹമീദ് മധൂർ അധ്യക്ഷത വഹിച്ചു. എ.ആർ. അബൂബക്കർ, നൗഷാദ് വെറ്റിലപ്പള്ളി, ഉമ്മർ കൂളിയാങ്കൽ, കുഞ്ഞമ്മദ്, ബി.സി. അഷ്റഫ് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
