രണ്ടുവർഷത്തിനിടെ എട്ടരകോടിയുടെ കാരുണ്യപ്രവർത്തനവുമായി 'കനിവ്'
text_fieldsകുവൈത്ത് സിറ്റി: രണ്ടുവർഷത്തിനിടെ എട്ടരകോടി രൂപയുടെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനം നടത്തി കെ.ഐ.ജി കുവൈത്തിന്റെ സാമൂഹികക്ഷേമ വിഭാഗമായ 'കനിവ്'. 3,50,496 ദീനാറിന്റെ (ഏകദേശം 8.58 കോടി രൂപ) ജീവകാരുണ്യ പ്രവർത്തനമാണ് 2020, 21 പ്രവർത്തനകാലയളവിൽ കനിവ് നടത്തിയത്.
5100 ഗുണഭോക്താക്കൾക്കായി 7272 ഭക്ഷ്യവസ്തുക്കളുടെ കിറ്റുകൾ കോവിഡ് പ്രതിസന്ധി കാലത്ത് നൽകി. ഫർവാനിയ, അബ്ബാസിയ, ഫഹാഹീൽ, അബൂഹലീഫ, സാൽമിയ, ഫിൻതാസ്, ജഹ്റ, റിഗ്ഗഇ, കുവൈത്ത് സിറ്റി, ശർഖ്, ഹസാവി ശുവൈഖ്, ജലീബ്, അഹ്മദി തുടങ്ങിയ സ്ഥലങ്ങളിൽ താഴ്ന്ന വരുമാനക്കാർക്കും കർഫ്യൂ, ലോക്ഡൗണുകളിൽ പ്രതിസന്ധിയിലായവർക്കുമാണ് നൽകിയത്.
1,58,985 ഇഫ്താർ കിറ്റ് വിതരണം നടത്തി. പീപ്ൾസ് ഫൗണ്ടേഷനുമായി സഹകരിച്ച് രണ്ടു വീട് നിർമിച്ചുനൽകി. ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷനുമായി സഹകരിച്ച് പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ 25 ലക്ഷം ചെലവഴിച്ച് ക്ലിനിക്കിന്റെ പണി പൂർത്തിയാകുന്നു.
108 പേർക്കായി 7193 ദീനാർ സാമ്പത്തിക സഹായം നൽകി. 214 പേർക്ക് ചികിത്സാ സഹായം നൽകാൻ 16,937 ദീനാർ ചെലവഴിച്ചു. 14 പേർക്ക് ഇഖാമയുമായി ബന്ധപ്പെട്ട് 808 ദീനാർ സഹായം നൽകി. 28 പേർക്ക് വിമാന ടിക്കറ്റിന് 1830 ദീനാർ ചെലവഴിച്ചു.
ശൈത്യകാല രക്ഷക്കായി 7120 ദീനാറിന്റെ പുതപ്പു നൽകി. ഡൽഹി കലാപബാധിതർക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 24,887 ദീനാർ നൽകി. ഇഫ്താർ ഫണ്ട് ഇനത്തിൽ 24,481 ദീനാറും ഫിത്ർ സകാത്ത് ഇനത്തിൽ 11,364 ദീനാറും മാംസ വിതരണത്തിന് 23,611 ദീനാറും പ്രവാസി കോവിഡ് ദുരിതാശ്വാസമായി 8264 ദീനാറും ചെലവഴിച്ചു.
കോവിഡ് കാലത്ത് ഡിസാസ്റ്റർ മാനേജ്മെൻറ് സംവിധാനം ഉണ്ടാക്കിയാണ് പ്രവർത്തിച്ചിരുന്നത്. നിരവധി പ്രവാസി വ്യക്തികളും സ്ഥാപനങ്ങളും ഇതുമായി സഹകരിച്ചു. മരുന്നു വിതരണത്തിനും ഭക്ഷണ വിതരണത്തിനും കൗൺസലിങ്ങിനും വൈദ്യ സഹായത്തിനും പ്രത്യേകം വകുപ്പുകളുണ്ടാക്കിയാണ് കോവിഡ് കാലത്ത് പ്രവർത്തിച്ചത്.
1454 പേർക്ക് സൗജന്യമായി മരുന്നു നൽകി, 200ലേറെ പേർക്ക് കൗൺസലിങ് നൽകി, 500 എസൻഷ്യൽ കിറ്റ് നൽകി, 426 പേർക്ക് ഡോക്ടർ കൺസൽട്ടിങ്ങിന് സൗകര്യമൊരുക്കി.
80 കോവിഡ് രോഗികളെ ആശുപത്രിയിലെത്തിച്ചു. 55 പേരെ വിമാനത്താവളത്തിൽ എത്തിച്ചു. ഇരുപതോളം കോവിഡ് മരണ കേസുകൾ കൈകാര്യം ചെയ്തു. മൂന്നു ചാർട്ടർ വിമാനം അയച്ചു. കൊറോണ സമയത്ത് തുടങ്ങിയ ഭക്ഷണസാധനങ്ങളുടെ കിറ്റ് വിതരണം തുടരുന്നു.
300 കിറ്റ് എല്ലാ മാസവും വിതരണം നടത്തുന്നുണ്ട്. 51 പുരുഷ-വനിത യൂനിറ്റുകൾ മുഖേനയാണ് പദ്ധതികൾ നടപ്പാക്കുന്നത്. 'മൈസറ' പലിശ രഹിത പരസ്പര സഹായ നിധിയിൽനിന്ന് വായ്പ കൊടുത്തുവരുന്നതായും കെ.ഐ.ജി കനിവ് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

