കല കുവൈത്ത് മൈക്രോ ഫിലിം ഫെസ്റ്റിവൽ; വലിയ ആശയങ്ങളുമായി കുഞ്ഞു ചലച്ചിത്രങ്ങളുടെ ഉത്സവം
text_fieldsമികച്ച സംവിധായികക്കുള്ള പുരസ്കാരം പ്രേംകുമാറിൽനിന്ന് ഷംല ബിജു ഏറ്റുവാങ്ങുന്നു
കുവൈത്ത് സിറ്റി: വലിയ ആശയങ്ങളും പ്രമേയങ്ങളുമായി കല കുവൈത്ത് മൈക്രോ ഫിലിം ഫെസ്റ്റിവൽ. കല കുവൈത്ത് അഞ്ചാമത് മൈക്രോ ഫിലിം ഫെസ്റ്റിവൽ പുതിയ ദൃശ്യരീതികളുടെയും പ്രവണതകളുടെയും മാറ്റുരക്കൽ വേദിയായി.
പൂർണമായും കുവൈത്തിൽ ചിത്രീകരിച്ച 42 ചിത്രങ്ങളാണ് ഫെസ്റ്റിവലിൽ മത്സരിച്ചത്. അഞ്ചു മിനിറ്റിൽ വ്യത്യസ്തമായ വിഷയങ്ങൾ ഇവ കാണികളിലെത്തിച്ചു. കുവൈത്തിലെ ഇന്ത്യക്കാർക്കായിരുന്നു മത്സരിക്കാൻ അവസരം. നടനും കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. കല കുവൈത്ത് പ്രസിഡന്റ് പി.ബി. സുരേഷ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ജെ. സജി സ്വാഗതവും മൈക്രോ ഫിലിം ഫെസ്റ്റിവൽ ജനറൽ കൺവീനർ നിഖിൽ നന്ദിയും രേഖപ്പെടുത്തി. ചലച്ചിത്ര നിരൂപകനും ഡോക്യുമെന്ററി സംവിധായകനുമായ മധു ജനാർദനൻ, ലോക കേരളസഭ അംഗം ആർ. നാഗനാഥൻ എന്നിവർ സംസാരിച്ചു. വിജയികൾക്ക് പ്രേംകുമാർ, മധു ജനാർദനൻ, കല ഭാരവാഹികൾ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. കല കുവൈത്ത് വൈസ് പ്രസിഡന്റ് ശൈമേഷ്, ജോ. സെക്രട്ടറി ജിതിൻ പ്രകാശ്, കല വിഭാഗം സെക്രട്ടറി സണ്ണി ഷൈജേഷ്, ഫിലിം സൊസൈറ്റി ഭാരവാഹികൾ, കല കുവൈത്ത് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
ഭയം മികച്ച ചിത്രം, ഷംല ബിജു സംവിധായിക
കുവൈത്ത് സിറ്റി: മികച്ച മൈക്രോ ഫിലിമായി ശരത്കുമാർ ശശിധരൻ സംവിധാനം ചെയ്ത ഭയം തിരഞ്ഞെടുക്കപ്പെട്ടു. ‘കുരുക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിന് സുരേഷ് തോലാമ്പ്ര മികച്ച നടനായും ‘തനിയെ’ എന്ന ചിത്രത്തിലെ അഭിനയത്തിന് രമ്യ ജയപാലൻ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ‘ഗൗരി’ സംവിധാനം ചെയ്ത ഷംല ബിജുവാണ് മികച്ച സംവിധായിക.
റഷീദ് എസ് സംവിധാനം ചെയ്ത ‘മൈ ഓൺ സ്പൂൺ’ മികച്ച രണ്ടാമത്തെ ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. ആർദ്രം, കൂട്, റിവെഞ്ച് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മഴ ജിതേഷ് മികച്ച ബാലതാരമായി.
റാസി ഖാൻ (മികച്ച തിരക്കഥ, ചിത്രം: ഇക്വാലിറ്റി), സതീഷ് മങ്കട (എഡിറ്റർ, ചിത്രം-റിവെഞ്ച്), ബിജു മുട്ടം (മേക്ക് അപ്, ചിത്രം- കുരുക്ക്), റാസി ഖാൻ (സിനിമാട്ടോഗ്രാഫർ ചിത്രം-ആർ.ഐ.പി) എന്നിവരാണ് മറ്റ് അവാർഡുകൾ കരസ്ഥമാക്കിയത്. ‘മൈ സോൾ വോയിസ്’ എന്ന ചിത്രത്തിന് ഹെലൻ സാറ എലിയാസും ബെന്നി പൂത്രിക്ക (വിളിക്കാതെ വരുന്ന അതിഥി, പാഴ്മരങ്ങൾ) എന്നിവർ പ്രത്യേക ജൂറി പുരസ്കാരത്തിനും അർഹരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

