കല കുവൈത്ത് നാടകഗാന മത്സരം
text_fieldsകല കുവൈത്ത് സാൽമിയ മേഖല നാടകഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സാൽമിയ അമ്മാൻ യൂനിറ്റ്
കുവൈത്ത് സിറ്റി: കല കുവൈത്ത് സാൽമിയ മേഖല കമ്മിറ്റി ആഭിമുഖ്യത്തിൽ ‘മധുരിക്കും ഓർമകളെ’ നാടകഗാന മത്സരം സംഘടിപ്പിച്ചു. സാൽമിയ ഇന്ത്യൻ പബ്ലിക് സ്കൂളിൽ നടന്ന പരിപാടിയിൽ മേഖല പ്രസിഡന്റ് ശരത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ലോക കേരളസഭ അംഗം ആർ. നാഗനാഥൻ ഉദ്ഘാടനം ചെയ്തു. കല പ്രസിഡന്റ് കെ.കെ. ശൈമേഷ്, ജനറൽ സെക്രട്ടറി സി. രജീഷ്, ട്രഷറർ അജ്നാസ് മുഹമ്മദ്, വൈസ് പ്രസിഡന്റ് ബിജോയ് എന്നിവർ ആശംസകളർപ്പിച്ചു. പത്താംതരം വിദ്യാർഥിയായിരിക്കെ ആദ്യ നോവലെഴുതിയ ഫിദ ആൻസിയെ ചടങ്ങിൽ അനുമോദിച്ചു. മേഖല സെക്രട്ടറി റിച്ചി കെ. ജോർജ് സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ റിജിൻ രാജൻ നന്ദിയും പറഞ്ഞു.
കല കുവൈത്ത് അംഗങ്ങൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ കലയുടെ വിവിധ മേഖലയിൽനിന്നും 13 ടീമുകൾ പങ്കെടുത്തു. മത്സരത്തിൽ സാൽമിയ അമ്മാൻ യൂനിറ്റ് ഒന്നാം സമ്മാനവും, റിഗ്ഗയ് കെ.ആർ.എച്ച് യൂനിറ്റ് രണ്ടാം സമ്മാനവും, ഫഹഹീൽ സെൻട്രൽ യൂനിറ്റ് മൂന്നാം സമ്മാനവും കരസ്ഥമാക്കി.
അബ്ബാസിയ മേഖല ടീം സ്പെഷൽ ജൂറി അവാർഡിന് അർഹരായി. ഓഡിയൻസ് പോൾ സമ്മാനം നുഗ്ര ഹവല്ലി ടീം കരസ്ഥമാക്കി. വിജയികളായ ടീമുകൾക്ക് കേന്ദ്ര, മേഖല ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു. സാൽമിയ മേഖല കമ്മിറ്റി സംഘാടക സമിതി അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി. സംഗീത സന്ധ്യയും അരങ്ങേറി.

