കല കുവൈത്ത് ‘എന്റെ കൃഷി 2022-23’ വിജയികളെ പ്രഖ്യാപിച്ചു
text_fieldsജയകുമാർ (കർഷകശ്രീ), രാജൻ തോട്ടത്തിൽ (കർഷക പ്രതിഭ), ബിനോ ഫിലിപ് (കർഷകമിത്ര)
കുവൈത്ത് സിറ്റി: കല കുവൈത്ത് നടത്തിയ കുവൈത്ത് മലയാളികളുടെ ‘എന്റെ കൃഷി 2022-23’ കാര്‍ഷിക മത്സര വിജയികളെ പ്രഖ്യാപിച്ചു.
sഅബുഹലീഫ മേഖലയിൽ നിന്നുള്ള ജയകുമാർ കർഷകശ്രീ പുരസ്കാരം നേടി. കർഷക പ്രതിഭ പുരസ്കാരം അബുഹലീഫ മേഖലയിലെ രാജൻ തോട്ടത്തിലും കർഷകമിത്ര പുരസ്കാരം അബ്ബാസിയ മേഖലയിൽ നിന്നുള്ള ബിനോ ഫിലിപ്പും നേടി.
2022 നവംബർ മുതൽ 2023 മാർച്ച് വരെയുള്ള അഞ്ചുമാസം ഫ്ലാറ്റുകളിലും ബാൽക്കണികളിലും കൃഷി ചെയ്ത് 634 പേർ മത്സരത്തിൽ പങ്കാളികളായി. കൃഷി ചെയ്യുന്ന ഇനങ്ങളുടെ വൈവിധ്യം, കാര്‍ഷിക ഇനങ്ങള്‍ ഒരുക്കിയിരിക്കുന്ന രീതി, അനുവര്‍ത്തിക്കുന്ന കൃഷിരീതികള്‍, കുടുംബാംഗങ്ങളുടെ പങ്കാളിത്തം, ദൈനംദിന പരിചരണത്തിലും കൃഷിരീതികള്‍ സ്വായത്തമാക്കുന്നതിലുമുള്ള കുട്ടികളുടെ പങ്കാളിത്തം എന്നിവ മാനദണ്ഡമാക്കിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
അമ്പിളി, അപ്പു, സന്ദീപ്, അരുൺ, രേഖ സുധീർ, ഷിന്റോ ജോർജ്, ഷൈബു കരുൺ, അലീന ശ്രീധർ, ബിനീഷ് കെ. ബാബു, പൊന്നമ്മ, റിജോ ജോയ്, സുധീഷ്, ജോജി ജോസ്, ഷിജോയ്, ഷൈനി തോമസ്, സുരേഷ് ബാബു, ആൻസൻ പത്രോസ്, ജിനോ ഫിലിപ്, ഖലീഫ എ.എസ്, ലിബു ടൈറ്റസ്, രഞ്ജിത്ത് സി. രാമൻ, ഷഫീർ എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായി. വിജയികൾക്ക് കല കുവൈത്ത് പ്രസിഡന്റ് ശൈമേഷ്, ജനറൽ സെക്രട്ടറി സി. രജീഷ് എന്നിവർ ആശംസ അറിയിച്ചു.

