വെറും അഞ്ച് മിനിറ്റ്; സന്ദർശന വിസ അതിവേഗത്തിൽ
text_fieldsശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ്
കുവൈത്ത് സിറ്റി: സന്ദർശന വിസ അനുവദിക്കുന്നതിൽ കുവൈത്തിന് അതിവേഗം. അപേക്ഷിച്ച് അഞ്ച് മിനിറ്റിനുള്ളിൽ വിസ ലഭിക്കും. രാജ്യത്തെ പ്രവേശന വിസ വിതരണം ലോകത്തിലെ ഏറ്റവും വേഗതയേറിയ ഒന്നാണെന്നും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ് പറഞ്ഞു. കുവൈത്ത് വിസ, വിസിറ്റ് കുവൈത്ത് പ്ലാറ്റ്ഫോമുകൾ സംയോജിപ്പിച്ചിട്ടുമുണ്ട്.
കുവൈത്തിൽ തുടർച്ചയായ നിയമനിർമാണ വികസനം നടക്കുന്നുണ്ട്. ഇത് രാജ്യത്തിന്റെ സേവന, സുരക്ഷ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് കാരണമാകും. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ മേഖലകളെയും ഈ വികസനം ഉൾക്കൊള്ളുന്നു. പൗരന്മാർക്കും, താമസക്കാർക്കും, സന്ദർശകർക്കും അതിന്റെ ഫലങ്ങൾ ഉടൻ അനുഭവപ്പെടും. ഏറ്റവും മികച്ചത് വരാനിരിക്കുന്നതേയുള്ളൂ എന്നും ശൈഖ് ഫഹദ് കൂട്ടിച്ചേർത്തു.
ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽനടന്ന ‘ഇനിഷ്യേറ്റീവ്സ് ഫോറത്തിൽ’ സംസാരിക്കുകയായിരുന്നു മന്ത്രി. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിന് വിവര കൈമാറ്റത്തിനും ഉന്നതതല ഏകോപനത്തിനുമായി ഒരു സംയോജിത സംവിധാനം പ്രവർത്തിക്കുന്നുണ്ട്. മയക്കുമരുന്ന് കടത്തിനെ ചെറുക്കുന്നതിൽ സംയുക്ത സഹകരണത്തിന്റെ നേട്ടം മന്ത്രി എടുത്തുപറഞ്ഞു.
കുവൈത്തിന് സമുദ്ര, കര അതിർത്തികൾ ഉൾക്കൊള്ളുന്ന നൂതന റഡാർ സംവിധാനമുണ്ടെന്നും മയക്കുമരുന്ന് രാജ്യത്തേക്ക് കടക്കുന്നത് തടയാൻ ഇത് സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്തിന്റെ സുരക്ഷ മേഖലകൾക്ക് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിൽനിന്ന് ലഭിക്കുന്ന വലിയ പിന്തുണയെ മന്ത്രി പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

