Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചരിത്രത്തിന്‍െറ...

ചരിത്രത്തിന്‍െറ ഈടുവെപ്പുകള്‍ക്ക് കാവലായി ജോസഫ് പണിക്കര്‍

text_fields
bookmark_border

കുവൈത്ത് സിറ്റി: സ്വീകരണമുറി അലങ്കരിക്കാനായി മാത്രം പുരാവസ്തു ശേഖരം നടത്തുന്നവരില്‍നിന്ന് വ്യത്യസ്തനാണ് ജോസഫ് പണിക്കര്‍. ചരിത്രത്തിന്‍െറ ഈടുവെപ്പുകളെ മനസ്സറിഞ്ഞു സ്നേഹിക്കുന്ന പ്രവാസി മലയാളിയാണിദ്ദേഹം. മൂന്നു പതിറ്റാണ്ടായി കുവൈത്തില്‍ പ്രവാസിയായി കഴിയുന്ന ജോസഫ് പണിക്കര്‍ പത്തനംതിട്ട ജില്ലയിലെ പുറമറ്റം സ്വദേശിയാണ്. അടുക്കിയൊതുക്കിവെച്ചാല്‍ ഒരു മ്യൂസിയത്തില്‍ ഒതുക്കാവുന്നതിലേറെ ചരിത്രശേഷിപ്പുകളാണ് കട്ടിലിനടിയിലും തട്ടിന്‍പുറത്തുമായി ഈ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ശേഖരിച്ചുവെച്ചിരിക്കുന്നത്. പല രാജ്യങ്ങളില്‍നിന്ന് ശേഖരിച്ച, പല കാലഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്നവ. ഒന്നും വര്‍ഗീകരിക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യാതെ സ്വകാര്യ അഹങ്കാരമായി കാത്തുവെക്കുകയാണ് ഇദ്ദേഹം. ഡിജിറ്റല്‍ സൗണ്ട് ട്രാക്കുകളെ മാത്രം കേട്ട് ശീലിച്ചവര്‍ക്ക് ഗ്രാമഫോണ്‍ റെക്കോഡില്‍നിന്നുയരുന്ന പാട്ടുകള്‍ ഒരുപക്ഷേ ആസ്വാദ്യകരമായിരിക്കില്ല. അലങ്കാരം എന്നതിനപ്പുറം പാട്ട് കേള്‍ക്കാനായി ഗ്രാമഫോണ്‍ വീട്ടില്‍ സൂക്ഷിക്കുന്നവരും ഇക്കാലത്ത് വളരെ കുറവായിരിക്കും. 
എന്നാല്‍, ജോസഫ് പണിക്കര്‍ക്ക് പറയാനുണ്ടായിരുന്നത് മറ്റൊന്നായിരുന്നു. ഗ്രാമഫോണ്‍ മാത്രമല്ല, ശബ്ദവീചികളിലൂടെ ചരിത്രത്തിലേക്ക് കൈപിടിച്ച് നടത്തുന്ന നിരവധി കൗതുകവസ്തുക്കള്‍ ഇദ്ദേഹം പരിചയപ്പെടുത്തി. വ്യത്യസ്ത തലമുറകളുടെ ശാസ്ത്രബോധവും സാങ്കേതികജ്ഞാനവും എത്രമാത്രം മികച്ചതായിരുന്നു എന്ന ഓര്‍മപ്പെടുത്തലോടെ ഓരോ ഉപകരണങ്ങളുടെയും പ്രവര്‍ത്തനവും ധര്‍മവും അദ്ദേഹം വിവരിക്കുന്നു. ലോഹക്കൂട്ടുകള്‍ ചേര്‍ത്തു നിര്‍മിച്ച ഉരുളിയുടെ മാതൃകയിലുള്ള പാത്രം വ്യത്യസ്തമാണ്. വശങ്ങളിലൂടെ മരക്കോല്‍ വൃത്താകൃതിയില്‍ കറക്കുമ്പോള്‍ ഉരുളി ഓംകാര സമാനമായ ഒരു പ്രത്യേക നാദം പുറത്തുവിടുന്നു. 
വ്യത്യസ്ത കാലങ്ങളില്‍ ഉപയോഗിച്ചുപോന്നിരുന്ന വാദ്യോപകരണങ്ങള്‍, ഒട്ടകങ്ങളുടെ കഴുത്തില്‍ കെട്ടുന്ന ഒറ്റത്തടിയില്‍ തീര്‍ത്ത മണി, മൗത് ഓര്‍ഗണിന്‍െറ വിവിധ വക ഭേദങ്ങള്‍, യഥാര്‍ഥ തവളയുടേതിനു സമാനമായ ശബ്ദം പുറപ്പെടുവിക്കുന്ന മരത്തവള, മഴയുടെ ശബ്ദം ഉണ്ടാക്കുന്ന മുളന്തണ്ട്, വായുവില്‍ കറക്കിയാല്‍ സംഗീതം പൊഴിക്കുന്ന പിരിയന്‍ പൈപ്പ് ഇങ്ങനെ നീളുന്നു ഇവിടെയുള്ള നാദ കൗതുകങ്ങള്‍. 
നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാല് താഴുള്ള പൂട്ട്, പണ്ട് അറബിവീടുകളില്‍ മോര് കടയാന്‍ ഉപയോഗിച്ചിരുന്ന പാത്രം, വിവിധ തരം  തുലാസുകള്‍, മാപിനികള്‍, ആദ്യകാല കാമറകള്‍, പ്രോജക്ടര്‍, ഹോം തിയറ്റര്‍, റെയില്‍വേ സിഗ്നല്‍ വിളക്ക്... ചെറുതും വലുതുമായ ഈടുവെപ്പുകളുടെ നിര അവസാനിക്കുന്നില്ല.  പുറമറ്റത്തെ പുരാതന കുടുംബാംഗമാണ് ജോസഫ്. ഇടപ്പള്ളി തമ്പ്രാന്‍മാരുടെ കാര്യസ്ഥര്‍ ആയിരുന്ന കുടുംബത്തിന് രാജാവ് നല്‍കിയ  സ്ഥാനപ്പേരാണ് പണിക്കര്‍ എന്നത്.
1983 മുതല്‍ കുവൈത്തിലെ സ്വകാര്യ കമ്പനിയില്‍ കണ്‍സല്‍ട്ടന്‍റ് എന്‍ജിനീയര്‍ ആയി ജോലി ചെയ്യുന്ന ഇദ്ദേഹം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് എന്‍ജിനീയേഴ്സ് കുവൈത്ത് ചാപ്റ്ററിന്‍െറ മുന്‍ ചെയര്‍മാനാണ്. സഞ്ചാരപ്രിയന്‍കൂടിയായ പണിക്കര്‍ പല രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. 
യാത്രകളില്‍ പലയിടങ്ങില്‍നിന്നായി കിട്ടിയ ചരിത്ര ശേഷിപ്പുകള്‍ ആണ് വീട്ടില്‍ സ്വരുക്കൂട്ടിയിരിക്കുന്നത്. നാട്ടില്‍ വീടിനോട് ചേര്‍ന്ന് ഒരു കൊച്ചു മ്യൂസിയം പണിയണം എന്ന സ്വപ്നം ഇദ്ദേഹം പങ്കുവെക്കുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - josph panikkar
Next Story