ഖത്തറിൽ സംയുക്ത പ്രതിരോധ സമിതി യോഗം; ജി.സി.സി സംയുക്ത സൈനിക അഭ്യാസത്തിന് ധാരണ
text_fieldsഖത്തറിൽ ചേർന്ന ജി.സി.സി സംയുക്ത പ്രതിരോധ സമിതി യോഗത്തിൽ പ്രതിനിധികൾ
കുവൈത്ത് സിറ്റി: ഏകീകൃത മിലിട്ടറി കമാൻഡ് സംവിധാനങ്ങളിലൂടെ ഇന്റലിജൻസ് വിവരങ്ങൾ കൈമാറാനും വ്യോമ പ്രവർത്തന കേന്ദ്രങ്ങളെ ഏകീകരിക്കാനും നിർദേശം നൽകി ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സംയുക്ത പ്രതിരോധ സമിതിയുടെ അടിയന്തര യോഗം.
ദോഹയിൽ ചേർന്ന യോഗത്തിൽ സംയുക്ത വ്യോമ, മിസൈൽ പ്രതിരോധ പരിശീലനം നൽകി, ജി.സി.സി സംയുക്ത സൈനികാഭ്യാസത്തിനും ധാരണയായി.
ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസൻ ബിൻ അലി ആൽഥാനി യോഗത്തിൽ അധ്യക്ഷത വഹിച്ചു. കുവൈത്തിനെ പ്രതിനിധീകരിച്ച് പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ് യോഗത്തിൽ പങ്കെടുത്തു. ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി, മറ്റു ജി.സി.സി രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരും മുതിർന്ന പ്രതിനിധികളും പങ്കെടുത്തു. അടിയന്തര അറബ് -ഇസ്ലാമിക് ഉച്ചകോടിക്കു ശേഷം ഖത്തർ അമീറിന്റെ അധ്യക്ഷതയിൽ ദോഹയിൽ നടന്ന ജി.സി.സി നേതാക്കളുടെ യോഗത്തിലെ നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേർന്നത്.
ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കൂട്ടായ പ്രതിരോധ പദ്ധതികൾ പരിഷ്കരിക്കാനും ബാലിസ്റ്റിക് മിസൈലുകൾക്കുള്ള സംയുക്ത മുന്നറിയിപ്പ് സംവിധാനം വേഗത്തിലാക്കാനും മന്ത്രിമാർ നിർദേശം നൽകി.
ഇസ്രായേൽ ആക്രമണത്തെ യോഗത്തിൽ പങ്കെടുത്ത മന്ത്രിമാർ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും ഗുരുതരമായ ലംഘനമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

