അറുപതാണ്ടിന്റെ അനുഭവങ്ങളുമായി ജോൺ മാത്യു മടങ്ങുന്നു
text_fieldsജോൺ മാത്യു
പ്രവാസം എന്നും അനുഭവങ്ങളുടെയും ഓർമകളുടെയും കലവറയാണ്. മരുഭൂമിയുടെ വിശാല അന്തരീക്ഷത്തിലാണ് അതെങ്കിൽ എല്ലാറ്റിനും മൂർച്ചകൂടും. ദൂരെ ഒരിടത്ത് പച്ചപ്പും പാടവും പുഴയും മകരമഞ്ഞും മഴയും എല്ലാം കണ്ടുവളർന്നവർക്ക് മരുഭൂമി സമ്മാനിക്കുന്നത് വേറിട്ട അനുഭവവും കാഴ്ചയും തന്നെയാകും. നാടും വീടും എന്ന വികാരം പുറം ചൂടിനെപോലെ ഓരോ പ്രവാസിയുടെ ഉള്ളിലും തിളച്ചുമറിയുന്നുണ്ടാകാം. തിരികെ വിളിക്കുന്നുണ്ടാകാം. മടങ്ങാൻ പ്രേരിപ്പിക്കുന്നുണ്ടാകാം. അതിനെയെല്ലാം മറികടന്ന് 'പിടിച്ചുനിന്നാണ്' ചിലരെങ്കിലും വിജയതീരം തൊടുന്നത്. അറുപതാണ്ട് മുമ്പ്, ഗൾഫ് നാടുകൾ അതിന്റെ പ്രതാപത്തിലേക്ക് പിച്ചവെച്ചു തുടങ്ങുന്ന കാലത്ത് കുവൈത്തിലെത്തിയ ആളാണ് കോട്ടയം സ്വദേശി ജോൺമാത്യു. കുറഞ്ഞ ജനസംഖ്യയും അതിലേറെ മണൽപരപ്പുമായി ചുട്ടുപൊള്ളി കിടന്നിരുന്ന ഒരു രാജ്യം, ഇന്ന് സമ്പന്നതയുടെയും സൗകര്യങ്ങളുടെയും പട്ടികയിലേക്ക് ഉയർന്നതിന് നേർ സാക്ഷിയാണ് ഇദ്ദേഹം. ജോൺ മാത്യുവിന്റെ പ്രവാസ ജീവിതം കുവൈത്തിന്റെ തന്നെ ചരിത്രമായി വായിക്കാം. അതിൽ മരുഭൂമിയുണ്ട്, മനുഷ്യരുണ്ട്, കടലും ആകാശവുമുണ്ട്, കലയും സാഹിത്യവുമുണ്ട്, യുദ്ധവും സമാധാനവുമുണ്ട്. കുവൈത്തിലെത്തിയിട്ട് അറുപതാണ്ട് പൂർത്തിയാകുന്ന ഘട്ടത്തിൽ ജോൺമാത്യു ആ കഥകൾ പറയുന്നു.
കേട്ടറിവ് പോലുമില്ലാത്ത നാട്ടിലേക്ക്
കാലം 1962, കെമിക്കൽ എൻജിനീയറിങ് റാങ്കോടെ വിജയിച്ച ജോൺ മാത്യു എന്ന 23 കാരൻ അന്ന് ആലുവ എഫ്.എ.സി.ടിയിൽ ജോലിചെയ്യുകയാണ്. പത്രങ്ങൾ സ്ഥിരമായി വായിക്കുന്ന ജോൺമാത്യുവിന്റെ ശ്രദ്ധയിൽ ഒരു പരസ്യം ഉടക്കി നിന്നു. കെമിക്കൽ എൻജിനീയറെ ആവശ്യമുണ്ടെന്ന കുവൈത്ത് ജലവൈദ്യുതി മന്ത്രാലയത്തിന്റേതായിരുന്നു ആ പരസ്യം. ഒരു കൗതുകത്തിന് ജോൺമാത്യു അപേക്ഷ അയച്ചു. പെട്ടെന്ന് തന്നെ മറുപടി വന്നു. ഇന്റർവ്യൂവിന് മദിരാശിയിൽ എത്തണം. ഫസ്റ്റ് ക്ലാസ് ട്രെയിൻ ടിക്കറ്റും ഹോട്ടൽ ചെലവും അവർ വഹിക്കും. കൗതുകം വീണ്ടും കൂടി. മദിരാശി വരെ പോയേക്കാം, ചെലവൊന്നുമില്ലല്ലോ! ഇന്റർവ്യൂ കഴിഞ്ഞപ്പോൾ നിയമന ഉത്തരവ് ലഭിച്ചു. ശമ്പളം കേട്ടപ്പോൾ വീണ്ടും ഞെട്ടി, നാട്ടിൽ കിട്ടുന്നതിന്റെ പത്തിരട്ടിയോളം. പിന്നീട് ഒന്നും ചിന്തിച്ചില്ല. നേരെ കുവൈത്തിലേക്ക് തിരിച്ചു.
1962 ആഗസ്റ്റ് 14 ജോൺമാത്യു കുവൈത്തിന്റെ മണ്ണിൽ കാലുകുത്തി. ഈ നാടിനെ കുറിച്ച് ഒരറിവും അതിന് മുമ്പ് ഉണ്ടായിരുന്നില്ല. എത്തിയപ്പോൾ താൻ മരുകോട്ടയുടെ നടുവിലാണെന്ന് തോന്നി. സാൽമിയ, ശർക് എന്നീ ഭാഗങ്ങളിൽ മാത്രം കുറച്ച് ജനങ്ങളുണ്ട്. അഹ്മദി ഭാഗത്ത് കെ.ഒ.സിയുടെ ഉദ്യോഗസ്ഥരും-തീർന്നു. ബാക്കിയെല്ലാം പരന്നുകിടക്കുന്ന മണൽകാടുകൾ. റോഡുകൾ പോലും കുറച്ചേയുള്ളൂ. എയർ കണ്ടീഷൻ ചുരുക്കം ഇടങ്ങളിൽ മാത്രം. വലിയ ജനാലകൾ ചൂടിനെ അകത്തേക്ക് കൊണ്ടുവരും എന്നതിനാൽ എപ്പഴും അടഞ്ഞുകിടക്കും. വീശിയടിക്കുന്ന കാറ്റ് മണൽപ്പരപ്പിനെ ഉയർത്തുന്നത് നോക്കിയും, ഉടേലാടെ ചൂടുനിറഞ്ഞും അന്നാ പയ്യൻ മരുഭൂമിയിൽ തനിച്ചുനിന്നു.
കുളിർകാറ്റായിരുന്ന കത്തുകൾ
അറുപതുകളുടെ തുടക്കകാലം കുവൈത്ത് അതിന്റെ വികസനത്തിലേക്ക് മാസ്റ്റർ പ്ലാൻ തയാറാക്കുന്ന സമയമായിരുന്നു. വൈദ്യുതി മന്ത്രാലയത്തിൽ ജോൺ മാത്യുവിന് പിടിപ്പത് പണിയുണ്ടായിരുന്നു. എഫ്.എ.സി.ടിയിലെ പ്രവൃത്തിപരിചയം കുവൈത്തിൽ ഗുണം ചെയ്തു. മന്ത്രാലയത്തിനും ജോൺമാത്യുവിനും വളരെ വേഗത്തിൽ അതിന്റെ ഗുണം ലഭിച്ചു. ജോലി ഇനി ഇവിടെതന്നെ എന്ന് ഉറപ്പിച്ച ജോൺമാത്യു അങ്ങനെ കുവൈത്തിന്റെ ഭാഗമായി.
കത്തെഴുത്തായിരുന്നു അന്ന് ജോലികഴിഞ്ഞതിനുശേഷമുള്ള പ്രധാന കാര്യം. ടെലിഫോണൊക്കെ കുറഞ്ഞ ഇടങ്ങളിലേ ഉള്ളൂ. സഫാത്തിലെ പ്രധാന പോസ്റ്റ് ഓഫിസിൽ ജോൺമാത്യുവിനും സ്വന്തമായി ഒരു പോസ്റ്റ് ബോക്സ് ഉണ്ടായിരുന്നു. കിളിക്കൂടുപോലെ തോന്നിക്കുന്ന അത് എന്നും വന്ന് തുറന്നുനോക്കും. എഴുത്തുകൾ വല്ലതും ഉണ്ടോ! വന്ന കത്തുകൾ ആവേശത്തോടെ തുറന്നു വായിക്കും. നാട്ടിലെ വിശേഷങ്ങളും വലുതും ചെറുതുമായ കാര്യങ്ങളും അക്ഷരങ്ങളിലൂടെ മിണ്ടും. മരുഭൂമിയിലെ കനത്ത ചൂടിലേക്ക് വീശുന്ന കുളിർക്കാറ്റായിരുന്നു ഓരോ കത്തും. പിന്നെ ഫോണിലൂടെ കേൾക്കലായി, ഇപ്പോൾ കാണലും ആയി. ലോകം എത്രമാറി എന്ന് പഴയകാലം ഓർക്കുമ്പോൾ തിരിച്ചറിയുന്നു.
അധിനിവേശ അനുഭവങ്ങൾ
1990 ൽ ഇറാഖി സൈന്യം കുവൈത്തിലേക്ക് ഇരച്ചുകയറിയതും പിന്നീട് നടന്ന സംഭവങ്ങളും പേടിപ്പെടുത്തുന്ന ചിത്രങ്ങളായി ജോൺമാത്യുവിന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്. കുവൈത്തി ജനതയും പ്രവാസികളും സ്തംഭിച്ചുനിന്ന സമയം. എങ്ങും അനിശ്ചിതാവസ്ഥ. ആഗസ്റ്റ് രണ്ട്, പുറത്തേക്കു പോകാൻ കാറിൽ ഇരിക്കുമ്പോൾ അതിനകത്തേക്ക് ഒരു തോക്കിൻ കുഴൽ നീണ്ടുവന്നു. പിന്നെ ചോദ്യങ്ങളായി. കുവൈത്തിലെ ഇറാഖി ഇടപെടലും അധിനിവേശവും അപ്പോഴാണ് അറിയുന്നത്. എങ്ങനെയൊക്കെയോ അവിടെനിന്ന് രക്ഷപ്പെട്ടു. കുവൈത്തികൾ മരുഭൂമി താണ്ടി സൗദിയിലേക്ക് യാത്ര ആരംഭിച്ചു കഴിഞ്ഞിരുന്നു അപ്പോൾ.
കുവൈത്തിലെ ഇന്ത്യക്കാരെയും മലയാളികളെയും നാട്ടിലെത്തിക്കാൻ അന്ന് പ്രയത്നിച്ചവരിൽ പ്രധാനിയായിരുന്നു ജോൺ മാത്യു. യാത്രാരേഖകളും പാസ്പോർട്ടും ഇല്ലാത്തവർക്ക് പ്രത്യേക ഇടപെടലിലൂടെ അവ സംഘടിപ്പിച്ചു നൽകി. ഇന്ത്യക്കാരെയെല്ലാം അതിർത്തികടത്തുന്ന ട്രാൻസ്പോർട്ടേഷൻ ചുമതലയായിരുന്നു ജോൺ മാത്യുവിന്. ബസുകൾ വാടകക്കെടുത്ത്, റോഡുമാർഗം ഇത്രയും പേരെ അതിർത്തിയിൽ എത്തിക്കൽ വെല്ലുവിളിയായിരുന്നു. ഒരു ബസിൽ 40 പേർ എന്ന നിലയിലാണ് കയറ്റിയത്. എല്ലായിടത്തും ചെക്പോസ്റ്റുകളും പരിശോധനകളുമാണ്. ഇഷ്ടമില്ലാത്തകാര്യങ്ങൾ കണ്ടാൽ ഇറാഖി സൈന്യം പ്രതികരിക്കും. എങ്കിലും ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ച മുഴുവൻ ഇന്ത്യക്കാരെയും കയറ്റിവിട്ട് അവസാന ബസിലാണ് അന്ന് ജോൺമാത്യു കുവൈത്ത് വിട്ടത്. ഒരു ലക്ഷത്തിലേറെ ഇന്ത്യക്കാർ അന്ന് മടങ്ങിയെന്നാണ് കണക്ക്.
കറുത്ത ആകാശവും ഭൂമിയും
1991 ഫെബ്രുവരി 27 അന്താരാഷ്ട്ര തലത്തിൽ നടന്ന കനത്ത ഇടപെടലിനെ തുടർന്ന് ഇറാഖ് കുവൈത്തിൽനിന്ന് പിന്മാറി. ഇതിന് പിറകെ ഏപ്രിലിൽ ജോൺമാത്യു വീണ്ടും കുവൈത്തിലെത്തി. എണ്ണനിർമാണ കേന്ദ്രങ്ങളിലെ തീ അപ്പോഴും അണഞ്ഞിരുന്നില്ല. ആകാശത്ത് നിറഞ്ഞിരുന്ന പുക എങ്ങും ഇരുട്ടുപരത്തി. പകൽ സൂര്യൻ അവക്ക് പിറകിൽ ഒളിച്ചുനിന്നു. എണ്ണത്തുള്ളികൾ കരിയും പുകയും നിറഞ്ഞ് ആകാശത്തുനിന്നും വീണുകൊണ്ടേയിരിക്കുന്നു. കാറുകൾക്ക് മുകളിൽ എണ്ണ വീണ് ഒന്നും കാണാൻ കഴിയാതെയാകും. അത് വൃത്തിയാക്കൽ വലിയൊരു ജോലിയായിരുന്നു. വസ്ത്രങ്ങൾ ഒറ്റ ദിവസംകൊണ്ട് കേടുവരും. അമ്പതിലേറെ പ്രത്യേക കുപ്പായങ്ങൾ വാങ്ങിയാണ് അന്ന് കുവൈത്തിലെത്തിയത്. എട്ടുമാസത്തോളം അന്തരീക്ഷം അതേപടി നിലനിന്നു എന്ന് ജോൺമാത്യു ഓർക്കുന്നു. ഇറാഖി പട്ടാളക്കാരുടെ പ്രവൃത്തികൾ എങ്ങും തെളിഞ്ഞുകാണാമായിരുന്നു. ജോൺ മാത്യുവിന്റെ ഓഫിസ് ഇറാഖി പട്ടാളക്കാർ ശുചിമുറിയായാണ് ഉപയോഗിച്ചിരുന്നത്. മാസങ്ങൾ കഴിഞ്ഞാണ് അതെല്ലാം ശരിയായത്.
എഴുത്തുകാരനും ആർട്ടിസ്റ്റും
സർക്കാർ ജോലിയിൽനിന്ന് ഒരുഘട്ടം കഴിഞ്ഞപ്പോൾ സ്വയം വിരമിച്ച ജോൺ മാത്യു ബിസിനസിലേക്ക് തിരിഞ്ഞു. ഇതിനിടയിൽ എഴുതാനും വായിക്കാനും സമയം കണ്ടെത്തുന്ന ജോൺമാത്യു നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. തൂലികാ നാമത്തിലും നിരവധി എഴുത്തുകൾ വെളിച്ചം കണ്ടു. ഇറാഖ് അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ഏഴുതിയ 'എ സാഗ ഓഫ് ആൻ എക്സ് പാട്രിയേഴ്സ്' എന്ന ഇംഗ്ലീഷ് കൃതി ശ്രദ്ധേയമാണ്. എഴുത്തിനോടുള്ള ഇഷ്ടം എഴുത്തുകാരോടുമുണ്ട്. കുവൈത്തിലെത്തുന്ന മലയാളി എഴുത്തുകാർ തങ്ങുന്ന സ്ഥിരം ഇടമാണ് ഇദ്ദേഹത്തിന്റെ വീട്. ഒ.എൻ.വി, മുകുന്ദൻ, സക്കറിയ എന്നിവരൊക്കെ ജോൺ മാത്യുവിന്റെ ആതിഥ്യം സ്വീകരിച്ചവരാണ്. ജോൺമാത്യുവിന്റെ ഇഷ്ടങ്ങൾക്കൊപ്പം നിൽക്കുന്ന പത്നി എലിസബത്ത് ചിത്രകാരിയും പാചക വിദഗ്ധയുമാണ്. പാചകത്തെ കുറിച്ച് ഏഴു പുസ്തകങ്ങൾ ഇവരുടേതായുണ്ട്. കുവൈത്തിലെ വീടിന്റെ മുകൾഭാഗത്ത് നിറയെ ഇവർ വരച്ച ചിത്രങ്ങൾ കാണാം.
മലയാളി സംഘടനകൾ
ജേൺമാത്യു കുവൈത്തിൽ എത്തുമ്പോൾ 3.35 ലക്ഷം പേരെ രാജ്യത്തുണ്ടായിരുന്നുള്ളൂ. അന്നും മലയാളികൾ ഇവിടെയുണ്ട്. പ്രവാസികളിൽ ഭൂരിപക്ഷവും ഇന്ത്യക്കാരായിരുന്നു. അതിൽ മലയാളികൾക്കായിരുന്നു ഭൂരിപക്ഷം. കുവൈത്ത് ഓയിൽ കോർപറേഷനിൽ ചെറുജോലികളിലെല്ലാം മലയാളി സാന്നിധ്യമുണ്ടായിരുന്നു. ആദ്യകാലത്ത് കടൽ വഴിയാണ് ഭൂരിപക്ഷവും കുവൈത്തിലെത്തിയിരുന്നത്. പിന്നെ വിമാന മാർഗമായി. ബോംബെ വഴിമാത്രമാണ് വിമാന സൗകര്യം. ആളുകൾ കൂടി വന്നതോടുകൂടി കുവൈത്തിൽ വിവിധ സംഘടനകളും രൂപപ്പെട്ടുവന്നു. അവരെല്ലാം ജോൺമാത്യുവിനെ മാതൃകയായികണ്ടു. എല്ലാ മലയാളി സംഘടനകളുമായും നല്ല ബന്ധം പുലർത്തിയ ജോൺമാത്യു കെ.ഐ.ജിയുടെ പൂർവകാല പ്രവർത്തകരെ ഇപ്പോഴും ഓർത്തെടുക്കുന്നു.
ഇനി മടക്കം
പ്രവാസത്തിന്റെ 60 വർഷങ്ങൾ പൂർത്തിയായ ഘട്ടത്തിൽ നാട്ടിലേക്ക് മടങ്ങാനാണ് ജോൺ മാത്യുവിന്റെ തീരുമാനം. ഈ മാസം അവസാനം കുവൈത്ത് വിടും. വയസ്സിപ്പോൾ 83 ആയി. നാട്ടിൽ ഇനി വിശ്രമകാലമാക്കാമെന്നാണ് ചിന്ത. സഹോദരനും സഹോദരിയും അവിടെയുണ്ട്. ചുരുക്കം ചില കൂട്ടുകാരും ബന്ധുക്കളും ഉണ്ട്. അവർക്കൊപ്പം ശിഷ്ടകാലം കഴിയാനാണ് ആഗ്രഹം. ഭാര്യക്കും ബന്ധുക്കളുടെ അടുത്തേക്ക് മടങ്ങിപ്പോകുന്നതിന് താൽപര്യം കൂടിയിരിക്കുന്നു. മൂന്നു മക്കളും വിദേശത്താണ്. അവരുടെ അടുത്തേക്കും തിരിച്ചും, അവരെ നാട്ടിൽ കണ്ടുമുട്ടിയും കഴിഞ്ഞുകൂടാം എന്നാണ് തീരുമാനം. എങ്കിലും കുവൈത്ത് പൂർണമായി ഉപേക്ഷിക്കില്ല. ഇടക്കുവരും, ജീവിതത്തിന് പുതിയ മാനങ്ങൾ നൽകിയ നാടിനെ അങ്ങനെ കൈയൊഴിയാനാകില്ലല്ലോ. ഈ നാട് നല്ല അനുഭവങ്ങളേ നൽകിയിട്ടുള്ളൂ എന്ന് അവസാന വേളയിലും ജോൺ മാത്യു പറഞ്ഞുവെക്കുന്നു. കുവൈത്തിലേക്ക് സദ്ദാം എത്തിയ ദിവസം മോശം ദിനമായും കുവൈത്തിന് മോചനം കിട്ടിയ ദിവസം ജീവതത്തിലെ നല്ല ദിവസമായും ജോൺ മാത്യു എണ്ണുന്നു. ഇനി എറണാകുളം തേവരയിലെ വീട്ടിൽ ഈ നാടിന്റെ ഓർമകളുമായി ജോൺ മാത്യുവിനെ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

