കുവൈത്ത് സിറ്റി: വേനൽ കനത്തുതുടങ്ങിയതോടെ രാജ്യത്ത് മധ്യാഹ്ന പുറംജോലി വിലക്ക് പ്രാബല്യത്തിലായി. മുൻ വർഷങ്ങളിലേതുപോലെ ജൂൺ ഒന്നുമുതൽ ആഗസ്റ്റ് 31 വരെ മൂന്നു മാസത്തേക്കാണ് മധ്യാഹ്ന ജോലി വിലക്കുള്ളത്. മാൻപവർ അതോറിറ്റി ആക്ടിങ് ഡയറക്ടർ അബ്ദുല്ല അൽ മുതൗതിഹ് അറിയിച്ചതാണ് ഇക്കാര്യം. ഈ കാലയളവിൽ രാവിലെ 11 മണി മുതൽ വൈകീട്ട് നാലുമണിവരെ സൂര്യാതപം ഏൽക്കുന്ന തരത്തിൽ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യാനോ ചെയ്യിപ്പിക്കാനോ പാടില്ല. അഞ്ചുവർഷം മുമ്പുവരെ വിലക്ക് ഉച്ചക്ക് 12 മണി മുതൽ വൈകീട്ട് നാലുവരെയായിരുന്നു.
ചൂട് കൂടിവന്നതിനാൽ പിന്നീട് സമയം നേരത്തേയാക്കുകയായിരുന്നു. രാജ്യത്ത് ചൂട് കനക്കുന്ന ഈ മാസങ്ങളിൽ തൊഴിലാളികൾക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കുന്നതിനാണ് പതിവുപോലെ ഇക്കുറിയും മധ്യാഹ്ന പുറംജോലി വിലക്ക് ഏർപ്പെടുത്തിയത്. നിയമം പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യം കർശനമായി നിരീക്ഷിക്കുമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മാൻപവർ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിലെ പ്രത്യേക സംഘങ്ങൾ പരിശോധന തുടങ്ങും.
നിയമം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ ആദ്യം നോട്ടീസ് നൽകും. പിന്നീടും ഇത് ആവർത്തിച്ചാൽ ഒരു തൊഴിലാളിക്ക് 100 ദീനാർ എന്ന കണക്കിൽ പിഴയും സ്ഥാപനങ്ങൾക്കെതിരെ മറ്റു നിയമനടപടികളും ഉണ്ടാകും. വിലക്ക് ലംഘിക്കുന്ന തൊഴിലുടമകളുടെ ഫയലുകൾ മരവിപ്പിക്കുന്നതുൾപ്പെടെ നടപടികളുണ്ടാവും. ഉച്ചവിശ്രമത്തിനായി നൽകുന്ന സമയനഷ്ടം ഒഴിവാക്കുന്നതിന് നിശ്ചിതസമയം ആരംഭിക്കുന്നതിന് മുമ്പ് രാവിലെയോ ജോലി അവസാനിക്കുന്ന സമയത്തിനുശേഷമോ ആവശ്യമെങ്കിൽ കൂടുതൽ സമയം ജോലി ചെയ്യിക്കാൻ തൊഴിലുടമകൾക്ക് അവകാശമുണ്ടാകും.
തൊഴിലുടമകളെപ്പോലെ തൊഴിലാളികളും ഇക്കാര്യത്തിൽ ജാഗ്രത കാണിക്കണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വ്യവസായ മേഖലയിലാണ് പൊതുവേ ഉച്ചവിശ്രമ നിയമം അവഗണിച്ച് തൊഴിലാളികളെക്കൊണ്ട് ജോലിചെയ്യിക്കുന്ന പ്രവണതയുള്ളത്.
ഈ മേഖലയിൽ പരിശോധന കർശനമാക്കും. കഴിഞ്ഞവർഷം 691 സൈറ്റുകളിൽ നടത്തിയ പരിശോധനയിൽ 705 നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. തുടർപരിശോധനയിൽ ഒരിടത്ത് മാത്രമായിരുന്നു നിയമലംഘനം ആവർത്തിക്കപ്പെട്ടതായി കണ്ടെത്തിയത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2017 9:32 AM GMT Updated On
date_range 2017-12-02T09:39:58+05:30മധ്യാഹ്ന ജോലി വിലക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ
text_fieldsNext Story