അഞ്ചു വർഷത്തിനകം 57,000 കുവൈത്തികൾ തൊഴിലന്വേഷകരായി മാറും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 57,000 കുവൈത്തികൾ തൊഴിലന്വേഷകരായി മാറുമെന്ന് റിപ്പോർട്ട്. കുവൈത്തിലെയും വിദേശ രാജ്യങ്ങളിലെയും സർവകലാശാലകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികളാണ് ബിരുദം കഴിഞ്ഞ് പുറത്തിറങ്ങുക. വിദ്യാഭ്യാസ മന്ത്രാലയം തയാറാക്കിയ സ്ഥിതി വിവരക്കണക്കിലാണ് ഇക്കാര്യം സൂചിപ്പിക്കപ്പെട്ടത്. സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതിനുള്ള പാർലമെൻററി സമിതിയുടെ ആവശ്യപ്രകാരമാണ് വിദ്യാഭ്യാസ മന്ത്രാലയം റിപ്പോർട്ട് തയാറാക്കിയത്. 2017-18 വിദ്യാഭ്യാസ വർഷം മുതൽ 2021-22 വിദ്യാഭ്യാസ വർഷംവരെയുള്ള കാലയളവിൽ ബിരുദം കഴിഞ്ഞ് ഉദ്യോഗാർഥികളായി മാറുന്നവരുടെ കണക്കാണിത്. ഇതിൽ കുവൈത്ത് സർവകലാശായിൽനിന്നുള്ളവർ 27,016 പേരും വിദേശ സർവകലാശാലകളിൽനിന്ന് പഠനം പൂർത്തിയാക്കുന്നവർ 30,053 പേരുമായിരിക്കും.
ഇത്രയും സ്വദേശി യുവതീയുവാക്കൾക്ക് നിയമനം നൽകുകയെന്നത് സർക്കാറിന് വലിയ വെല്ലുവിളിയാവും. നിലവിൽ സിവിൽ സർവിസ് കമീഷനിൽ ജോലിക്കായി അപേക്ഷ നൽകി കാത്തിരിക്കുന്നവരുടെ എണ്ണം 15,000ത്തിന് അടുത്തുണ്ട്. ഭാവിയിലെ ആവശ്യംകൂടി പരിഗണിച്ചുള്ള സ്വദേശിവത്കരണ നടപടികൾ വേണമെന്ന അഭിപ്രായമാണ് വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടുവെച്ചത്. ഓരോ വർഷവും ബിരുദം കഴിഞ്ഞിറങ്ങുന്ന സ്വദേശികളെ അനുയോജ്യമായ ഇടങ്ങളിൽ നിയമിക്കുന്ന പദ്ധതി സുതാര്യമാക്കാൻ പ്രത്യേക സമിതി രൂപവത്കരിക്കണമെന്നും നിർദേശമുണ്ട്. ആസൂത്രണ ബോർഡിെൻറ അധ്യക്ഷതയിൽ രൂപവത്കരിക്കേണ്ട നിർദിഷ്ട സമിതിയിൽ സിവിൽ സർവിസ് കമീഷൻ, ധനമന്ത്രാലയം, കുവൈത്ത് സർവകലാശാല, വിദ്യാഭ്യാസ മന്ത്രാലയം, മാൻപവർ അതോറിറ്റി എന്നീ വിഭാഗങ്ങളിൽനിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് മന്ത്രാലയം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
