കുവൈത്ത് സിറ്റി: ജനത കൾച്ചറൽ സെൻറർ (ജെ.സി.സി) കുവൈത്ത് ഒമ്പതാമത് വൈക്കം മുഹമ്മദ് ബഷീർ അവാര്‍ഡ് ചെറുകഥാകൃത്ത് കെ. രേഖക്ക്. പ്രശസ്തിപത്രവും, ശിൽപവും 25,000 രൂപയുമടങ്ങുന്നതാണ് അവാര്‍ഡ്. ചലച്ചിത്ര സംവിധായകൻ ബാലു കിരിയത്ത് ചെയർമാനും നാടകകൃത്ത് ഫ്രാൻസിസ് ടി. മാവേലിക്കര, സാഹിത്യകാരനും ചലച്ചിത്ര സംവിധായകനുമായ പ്രമോദ് പയ്യന്നൂർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. മുൻ വർഷങ്ങളിൽ എം.പി. വീരേന്ദ്രകുമാർ, എം.പി. അബ്ദുസ്സമദ് സമദാനി, ജോണി ലൂക്കോസ്, സി. രാധാകൃഷ്ണൻ, ജോൺ ബ്രിട്ടാസ്, അടൂർ ഗോപാലകൃഷ്ണൻ, ഡോ. ഡി. ബാബുപോൾ, നെടുമുടി വേണു എന്നിവരാണ് പുരസ്‌കാരം നേടിയത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഡിസംബറിൽ കേരളത്തിൽ അവാർഡ്ദാന ചടങ്ങ് നടത്തുമെന്ന് ബാലു കിരിയത്ത്, പ്രമോദ് പയ്യന്നൂർ, ജെ.സി.സി മിഡിൽ ഈസ്റ്റ് കമ്മിറ്റി പ്രസിഡൻറ് സഫീർ പി. ഹാരിസ്, ജെ.പി.സി.സി സംസ്ഥാന പ്രസിഡൻറ് ഷംഷാദ് റഹിം എന്നിവർ അറിയിച്ചു.