പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപം തടയാൻ പരിശോധന
text_fieldsകുവൈത്ത് സിറ്റി: ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് കേന്ദ്രീകരിച്ച് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പൊതു ശുചിത്വ വകുപ്പ് നടത്തിയ പരിശോധനയില്‍ നിരവധി നിയമലംഘനങ്ങളും കണ്ടെത്തി. അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുന്നതും പൊതുസ്ഥലം വൃത്തിഹീനമാക്കിയതും കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. സുലെബികാത്ത്, ഗ്രാനഡ, നസ്ഹ, ഫയ്ഹാഹ് തുടങ്ങിയ ഭാഗങ്ങളിലായിരുന്നു മുനിസിപ്പാലിറ്റി പരിശോധന നടത്തിയത്.
പരിശോധനയില്‍ ആറ് ലോറി കാര്‍ഷിക മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും സംഘം ഉയര്‍ത്തിയിട്ടുണ്ട്. മാത്രമല്ല, വിവിധതരം മാലിന്യങ്ങള്‍ നാല് ലോറികളിലായി നീക്കം ചെയ്തിട്ടുണ്ടെന്നും കേടുവന്ന വാഹനങ്ങള്‍ കണ്ടുകെട്ടിയിട്ടുണ്ടെന്നും ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് മുനിസിപ്പാലിറ്റി മേധാവി മിഷാല്‍ അല്‍ ആസിമി വ്യക്തമാക്കി. ഈ ഭാഗങ്ങളിലെ റോഡ് പരിസരങ്ങളിലും തെരുവുകളിലും കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങൾ അധികൃതര്‍ ശുദ്ധീകരിച്ചു. രാജ്യത്തെ പ്രധാന ടൂറിസ്റ്റ്് കേന്ദ്രമായ ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് വൃത്തിയോടെയും മോടിയോടെയും പരിപാലിക്കുന്നതാണ്.
ഇതിന് ഭംഗം വരുത്തുന്ന രീതിയിൽ മാലിന്യനിക്ഷേപം നടത്തുകയോ നിയമലംഘനം നടത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവരണങ്ങള്‍ മുനിസിപ്പാലിറ്റിയുടെ 139 എന്ന ഹോട്ട്ലൈന്‍ നമ്പര്‍ മുഖേനയോ, മുനിസിപ്പാലിറ്റിയുടെ ബെബ്സൈറ്റ് വഴിയോ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.ജലീബ് ശുയൂഖ് മേഖലയിലും മാലിന്യങ്ങൾ കുന്നുകൂടുന്നതും അലക്ഷ്യമായി മാലിന്യങ്ങൾ ഉപേക്ഷിക്കുന്നതും വർധിച്ചുവരുന്നതായി നേരത്തേ കണ്ടെത്തിയിരുന്നു.
മാലിന്യങ്ങളും, കെട്ടിനില്‍ക്കുന്ന വെള്ളവും ഈ ഭാഗത്തെ ദൈനംദിനം ജീവിതത്തെയും ബാധിച്ചുതുടങ്ങിയിട്ടുണ്ട്. മാലിന്യ നിര്‍മാർജനത്തിന് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പലവിധ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ജലീബിലെ വ്യത്യസ്ത ഭാഗങ്ങളില്‍ മാലിന്യ കൂമ്പാരങ്ങള്‍ ഏറെയാണ്. മഴ പെയ്യുന്നതോടെ ഈ പ്രദേശങ്ങളില്‍ വെള്ളം കെട്ടിനിന്ന് നിരവധി രോഗങ്ങളും വൃത്തിഹീനതയും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
