ജയിൽ നിറഞ്ഞു; പുതിയ ജയിൽ നിർമിക്കും; വിദേശ തടവുകാരെ നാട്ടിലയക്കും–മന്ത്രി
text_fieldsകുവൈത്ത് സിറ്റി: ജയിൽ നിറഞ്ഞ പ്രശ്നം പരിഹരിക്കാൻ പുതിയ ജയിൽ കെട്ടിടം നിർമിക്കുമെന്നും വിദേശത്തടവുകാരെ നാട്ടിലയക്കുന്നത് പരിഗണിക്കുമെന്നും ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അൽ ജർറാഹ് അസ്സബാഹ്. പാർലമെൻറിൽ എം.പിമാരുടെ അന്വേഷണത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2500 തടവുകാരെ പാർപ്പിക്കാനാണ് സെൻട്രൽ ജയിലിൽ സൗകര്യമുള്ളത്. എന്നാൽ, 6000 പേർ ഇപ്പോൾ ജയിലിലുണ്ട്. രണ്ടുരീതിയിലാണ് ഇൗ പ്രശ്നം പരിഹരിക്കാൻ ഉദ്ദേശിക്കുന്നത്. പുതിയ ജയിൽ കെട്ടിടം നിർമിച്ച് അധികമുള്ള തടവുകാരെ അവിടേക്ക് മാറ്റുകയാണ് അതിലൊന്ന്. വിദേശ തടവുകാരെ അവരുടെ നാട്ടിൽ അയക്കുകയാണ് രണ്ടാമത്തെ വഴി.
ശിക്ഷയുടെ ബാക്കികാലം നാട്ടിലെ ജയിലുകളിൽ ലഭ്യമാക്കണമെന്ന നിബന്ധനയോടെയായിരിക്കും വിദേശതടവുകാരെ കയറ്റി അയക്കുക. ഇതിന് അതത് രാജ്യങ്ങളുമായി ധാരണയിലെത്തേണ്ടതുണ്ട്. ആവശ്യമുള്ള ഘട്ടത്തിൽ തടവുകാർ തിരിച്ചുവരുമെന്ന ഉറപ്പ് ബന്ധപ്പെട്ട രാജ്യങ്ങൾ നൽകണം. രണ്ടു വഴിയും ഒരുമിച്ച് നടപ്പാക്കാനാണ് തീരുമാനം. സ്ഥലപ്രശ്നം കാരണം സെൻട്രൽ ജയിലിൽ കഴിയുന്ന ഇന്ത്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽനിന്നുള്ള 200 തടവുകാരെ നാടുകടത്താൻ ജനുവരിയിൽ തീരുമാനിച്ചിരുന്നു. സെൻട്രൽ ജയിലിൽ മിന്നൽ പരിശോധന നടത്തിയ അഡ്വക്കറ്റ് ജനറൽ ജസ്റ്റിസ് മുഹമ്മദ് റാഷിദ് അൽ ദഈജിെൻറ നേതൃത്വത്തിലുള്ള ജയിൽ പരിഷ്കരണ സമിതിയാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. 700 കുവൈത്തി തടവുകാരെ വിട്ടയക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
