കടം അമീർ ഏറ്റെടുത്തു; 50 തടവുകാർ പുറത്തിറങ്ങി
text_fieldsകുവൈത്ത് സിറ്റി: ദേശീയ, വിമോചന ദിനാഘോഷത്തോടനുബന്ധിച്ച് ജയിൽ അന്തേവാസികളുടെ കടം അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഏറ്റെടുത്തതോടെ 50 തടവുകാർക്ക് മോചനമായി. 20,000 ദീനാർ ബാധ്യതയാണ് അമീർ വ്യക്തിപരമായി ഏറ്റെടുത്തത്. പലരും സ്വന്തം കുറ്റം കൊണ്ടല്ല കടക്കാരായത്. വഞ്ചനയിലൂടെയും മക്കൾ അടക്കം ബന്ധുക്കൾ കാരണവും കടബാധ്യതയിൽപെട്ടവർ പുറത്തിറങ്ങിയവരിലുണ്ട്. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഖബസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ആയിരങ്ങൾ കടബാധ്യത മൂലം ജയിൽ ഭീഷണി നേരിടുന്നതായി കുവൈത്ത് തകാഫുൽ സൊസൈറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് അമീരി കാരുണ്യത്തിെൻറ ഭാഗമായി ഇക്കുറി കൂടുതൽ തടവുകാർക്ക് ഇളവ് നൽകാൻ പദ്ധതിയുള്ളതായി ജയിൽകാര്യ അസി. അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുല്ല അൽ മുഹന്ന നേരത്തേ അറിയിച്ചിരുന്നു. അമീരി കാരുണ്യത്തിൽ ഉൾപ്പെടുത്താനുള്ള മാനദണ്ഡങ്ങൾ കൂടുതൽ വിശാലമാക്കിയാണ് ഇത് സാധിക്കുക.
ഇതിന് പുറമെയാണ് സാമ്പത്തികബാധ്യത മൂലം ജയിലിനകത്തായ മുഴുവൻ പേരുടെയും ബാധ്യത അമീർ നേരിട്ട് ഏറ്റെടുത്ത് മോചനത്തിന് വഴിതുറക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
