അമീരി കാരുണ്യത്തിലുൾപ്പെട്ട തടവുകാരുടെ മോചനം ഉടനെന്ന് മന്ത്രി
text_fieldsകുവൈത്ത് സിറ്റി: ദേശീയ– വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി അമീറിെൻറ പ്രത്യേക ദയയിൽ മോചിപ്പിക്കേണ്ട തടവുകാരുടെ അന്തിമ പട്ടിക പൂർത്തിയായതായി നീതിന്യായ– പാർലമെൻററി കാര്യമന്ത്രി ഡോ. ഫാലിഹ് അൽ അസബ് പറഞ്ഞു. മോചന നടപടികൾ വേഗത്തിലാക്കുന്നതിനുവേണ്ടി ഈ പട്ടിക അമീരി ദീവാനിയക്ക് കൈമാറിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വിവിധ ഭാഗങ്ങളിൽനിന്ന് ലഭിച്ച ഉപദേശ– നിർദേശങ്ങളെ തുടർന്ന് അർഹരായ 1500 തടവുകാർക്കാണ് ശിക്ഷയിളവ് ലഭിക്കുക. കുറ്റകൃത്യത്തിെൻറ ഗൗരവം, തടവുകാലത്തെ നല്ലനടപ്പ് തുടങ്ങിയവ പരിഗണിച്ച് ഉടനെയുള്ള ജയിൽ മോചനം, ശിക്ഷാ കാലാവധിയിലും പിഴയിലുമുള്ള ഇളവ്, നാടുകടത്തലിൽനിന്നുള്ള വിടുതൽ തുടങ്ങിയ ഇളവുകളാണ് തടവുകാർക്ക് ലഭിക്കുക. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ തടവറകളിൽ കഴിയുന്ന സ്വദേശികളും വിദേശികളുമുൾപ്പെടെയുള്ളവർ ഈ ആനുകൂല്യത്തിെൻറ പരിധിയിൽ വരും. കുറ്റകൃത്യങ്ങളുടെ ഗൗരവവും തടവുകാലത്തെ നല്ലനടപ്പും പരിഗണിച്ചാണ് പ്രതികൾക്ക് ഇളവുകൾ നൽകുക. ശിക്ഷാ കാലാവധി പകുതിയായും കാൽഭാഗമായും കുറക്കുകയാണ് ചെയ്യുക. കഴിഞ്ഞവർഷം 1071പേർക്ക് വിവിധ തരത്തിൽ ശിക്ഷകളിൽ ഇളവ് നൽകിയിരുന്നു. കഴിഞ്ഞവർഷം 332 പേരെ തടവറകളിൽനിന്ന് മോചിപ്പിച്ചപ്പോൾ ജീവപരന്ത്യത്തിനും കൂടുതൽ വർഷം തടവിനും വിധിക്കപ്പെട്ട 701 പേരുടെ ശിക്ഷാ കാലാവധി കുറച്ചു. നാടുകടത്താൻ വിധിക്കപ്പെട്ട 48 പേർക്ക് രാജ്യത്ത് തുടരാൻ അനുവാദം നൽകുകയും ചെയ്തു. ഇതിന് പുറമെ, വിവിധ കേസുകളിൽ പിഴ വിധിക്കപ്പെട്ട 498 പേർക്ക് പൂർണമായോ ഭാഗികമായോ ഒഴിവാക്കിക്കൊടുത്തു. 22,93,000 ദീനാറാണ് 2016ൽ പിഴ ഒഴിവാക്കി കൊടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.