ടാക്സി ഡ്രൈവറിൽനിന്ന് ശതകോടീശ്വരനിലേക്ക് വളർന്ന ജഗ്ത്യാനി
text_fieldsദുബൈ കിരീടാവകാശി ശൈഖ് ഹംദാനൊപ്പം മിക്കി ജഗ്ത്യാനി (ഫയൽ ചിത്രം)
കുവൈത്ത് സിറ്റി: ഒറ്റമുറി ഷോപ്പിൽനിന്ന് തുടങ്ങി തന്റേതായ ലോകം കെട്ടിപ്പടുത്ത വ്യവസായിയാണ് കഴിഞ്ഞ ദിവസം വിട പറഞ്ഞ മുകേഷ് മിക്കി ജഗ്ത്യാനി. ലണ്ടൻ തെരുവിലെ ടാക്സി ഡ്രൈവറിൽനിന്ന് തുടങ്ങി 2000ത്തോളം ഷോപ്പുകളുടെ ഉടമയായി മാറിയതിനു പിന്നിൽ കഷ്ടപ്പാടുകളുടെയും അതിജീവനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും നിലപാടിന്റെയും കഥയുണ്ട്.
സിന്ധി വംശജനായ ജഗ്ത്യാനിയുടെ മാതാപിതാക്കൾ കുവൈത്തിലേക്ക് കുടിയേറുകയായിരുന്നു. 1952 ആഗസ്റ്റ് 15ന് കുവൈത്ത് സിറ്റിയിലാണ് ജഗ്ത്യാനിയുടെ ജനനം. പഠനത്തിനായി ഇന്ത്യയിലെത്തി. തുടർപഠനം ലണ്ടനിലും. ഇതിനിടയിൽ ടാക്സി ഓടിച്ചും നഗരത്തിലെ ഹോട്ടൽ മുറികൾ വൃത്തിയാക്കുന്ന ജോലിയിൽ ഏർപ്പെട്ടും പണം കണ്ടെത്തി. 1973ൽ ബഹ്റൈനിലേക്ക് ചേക്കേറിയതോടെയാണ് ജഗ്ത്യാനിയിലെ ബിസിനസുകാരൻ പുറത്തുചാടിയത്. സഹോദരന്റെ മരണത്തെ തുടർന്ന് അദ്ദേഹം നടത്തിയിരുന്ന കളിപ്പാട്ടക്കട ഏറ്റെടുത്തു. തുടർന്ന് കളിപ്പാട്ടങ്ങൾ മാത്രമുണ്ടായിരുന്ന ഷോപ്പിൽ കുട്ടികൾക്കുള്ള മറ്റ് ഉൽപന്നങ്ങളും നിറഞ്ഞു. 10 വർഷത്തിനിടെ ആറ് ഔട്ട്ലറ്റുകൾ തുറന്ന് വലിയ കുതിച്ചുചാട്ടവും നടത്തി. ബേബി ഷോപ് എന്ന് പേരിട്ട ഈ സ്ഥാപനം ഇന്ന് യു.എ.ഇയിൽ അറിയപ്പെട്ട ബ്രാൻഡാണ്.
ബഹ്റൈനിൽ നല്ല നിലയിൽ പ്രവർത്തിക്കുമ്പോഴാണ് ഗൾഫ് യുദ്ധം തുടങ്ങുന്നത്. ഇതോടെ ദുബൈയിലേക്ക് ചേക്കേറി. ഇവിടെയാണ് ലാൻഡ് മാർക് ഗ്രൂപ് സ്ഥാപിച്ചത്. ഫാഷൻ, ഇലക്ട്രോണിക്സ്, ഫർണിച്ചർ, ബജറ്റ് ഹോട്ടലുകൾ എന്നിവ ഇതിന് കീഴിൽ പിറവിയെടുത്തു. മിഡിലീസ്റ്റിലേക്കും ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കും അതിവേഗം പടർന്ന് പന്തലിച്ചു. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.
സെന്റർപോയന്റ്, മാക്സ്, ബേബിഷോപ്, സ്പ്ലാഷ്, ഹോം സെന്റർ, ലൈഫ് സ്റ്റൈൽ, ഷൂ മാർട്ട്, ഇ മാക്സ് തുടങ്ങിയ മുൻനിര ബ്രാൻഡുകൾ ലാൻഡ് മാർക് ഗ്രൂപ്പിന്റേതാണ്. 1999ൽ ലാൻഡ് മാർക് ഗ്രൂപ് ഇന്ത്യയിലുമെത്തി. കേരളത്തിലടക്കം നിരവധി സ്ഥാപനങ്ങളുണ്ട്. 21 രാജ്യങ്ങളിലായി 2200 ബ്രാഞ്ചുകളിലായി പടർന്നുപന്തലിച്ച ഗ്രൂപ്പിനു കീഴിൽ 50000ത്തോളം ജീവനക്കാരുണ്ട്. ഈ വർഷത്തെ ഫോബ്സ് പട്ടികയനുസരിച്ച് ലോകത്തിലെ ഏറ്റവും ധനികരിൽ 521ാം സ്ഥാനത്ത് ജഗ്ത്യാനിയുണ്ട്. നിലപാടുകളിലും വിട്ടുവീഴ്ചയില്ലാത്ത സംരംഭകനായിരുന്നു ജഗ്ത്യാനി. 2015ൽ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലിംവിരുദ്ധ പരാമർശങ്ങൾ നടത്തിയ ഡോണൾഡ് ട്രംപിന്റെ നിലപാടിൽ പ്രതിഷേധിച്ച് ലാൻഡ്മാർക് സ്ഥാപനങ്ങളിൽനിന്ന് ട്രംപ് ബ്രാൻഡ് ഉൽപന്നങ്ങൾ പിൻവലിച്ചത് ശ്രദ്ധനേടി.
ജഗ്ത്യാനിക്ക് പിന്തുണയുമായി കുടുംബവും എന്നും കൂടെയുണ്ട്. ഭാര്യ രേണുക ജഗ്ത്യാനിയാണ് സ്ഥാപനത്തിന്റെ ചെയർമാനും സി.ഇ.ഒയും. മൂന്ന് മക്കളും ഗ്രൂപ്പിന്റെ ഡയറക്ടർ സ്ഥാനത്തുണ്ട്.