ജാബിർ ബ്രിഡ്ജ് വാക്സിനേഷൻ കേന്ദ്രം പ്രവർത്തനം അവസാനിപ്പിച്ചു
text_fieldsജാബിർ ബ്രിഡ്ജ് വാക്സിനേഷൻ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ
കുവൈത്ത്സിറ്റി: രാജ്യത്തെ കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ജാബിർ ബ്രിഡ്ജിനോടുചേർന്നുള്ള വാക്സിനേഷൻ കേന്ദ്രം പ്രവർത്തനം വ്യാഴാഴ്ച അവസാനിപ്പിച്ചു. കോവിഡ് നിയന്ത്രണത്തിലായ പശ്ചാത്തലത്തിലാണ് കുത്തിവെപ്പ് കേന്ദ്രം അടക്കുന്നതെന്നു ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ആഴ്ച മിശ്രിഫ് ഫെയർ ഗ്രൗണ്ടിലെ പ്രധാന കുത്തിവെപ്പ് കേന്ദ്രവും പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.
ദേശീയ കോവിഡ് പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന്റെ ഭാഗമായി കുവൈത്ത് ആരോഗ്യമന്ത്രാലയം വിവിധ സർക്കാർ ഏജൻസികളുടെ സഹായത്തോടെ സ്ഥാപിച്ചതാണ് ജാബിർ ബ്രിഡ്ജിനോടുചേർന്നുള്ള ഡ്രൈവ് ത്രൂ സെന്റർ. മിഷ്രിഫ് ഫെയർ ഗ്രൗണ്ടിലെ ജനത്തിരക്ക് കുറക്കാനും വാക്സിനേഷൻ ഡ്രൈവിൽ ജനങ്ങളുടെ പങ്കാളിത്തം വർധിക്കാനും ജാബിർ പാലത്തിലെ സംവിധാനം ഗുണം ചെയ്തിരുന്നു. മിഷ്രിഫ് വാക്സിനേഷൻ സെന്റർ കഴിഞ്ഞ ആഴ്ച പ്രവർത്തനം അവസാനിച്ചതിന്റെ തുടർച്ചയായാണ് ജാബിർ ബ്രിഡ്ജിലെ കേന്ദ്രവും അടച്ചത്.
ജാബിർ ബ്രിഡ്ജ് ഡ്രൈവ് ത്രൂ വാക്സിനേഷൻ സെന്ററിൽ സേവനത്തിനുണ്ടായിരുന്ന ആരോഗ്യപ്രവർത്തകർക്കും വളന്റിയർമാർക്കും അധികൃതർ നന്ദി അറിയിച്ചു. പ്രധാന വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടിയെങ്കിലും രാജ്യത്തെ 16 മേഖല ക്ലിനിക്കുകൾ വഴി വാക്സിൻ വിതരണം നടക്കുന്നുണ്ട്. ഇതിനു പുറമെ ജലീബ് അൽ ശുയൂഖ് സെന്ററിലും നേരത്തേതുപോലെ വാക്സിൻ വിതരണം തുടരുന്നുണ്ട്.
അഞ്ചു മുതൽ 12 വരെ പ്രായക്കാർക്ക് ആദ്യ രണ്ടു ഡോസുകളും 12 മുതൽ 18 വരെ പ്രായക്കാർക്ക് ആദ്യ ബൂസ്റ്റർ ഉൾപ്പെടെ മൂന്നു മാത്രകളും 18 നും 49 നും ഇടയിലുള്ളവർക്ക് ആദ്യ ബൂസ്റ്റർ ഡോസും 50ന് മുകളിൽ പ്രായമുള്ളവർക്ക് രണ്ടാമത്തെ ബൂസ്റ്റർ ഡോസുമാണ് നൽകുന്നത്. മുൻകൂട്ടി ബുക്ക്ചെയ്താണ് ക്ലിനിക്കുകളിൽ എത്തേണ്ടത്. 50 കഴിഞ്ഞവർക്ക് നേരിട്ട് എത്താം. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ വൈകീട്ട് മൂന്നു മുതൽ രാത്രി എട്ടു വരെയാണ് ക്ലിനിക്കുകളിലെ വാക്സിൻ വിതരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

