ചൂഷകരാണ് ഇസ്ലാമിനെതിരെ വെറുപ്പുൽപാദിപ്പിക്കുന്നത് –എം.എം. അക്ബർ
text_fieldsഇന്ത്യൻ ഹുദാ സെന്റർ സംവാദത്തിൽ എം.എം. അക്ബർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: സകല ചൂഷണങ്ങളുടെയും അടിവേരറുക്കുന്ന ഇസ്ലാമിനെ ചൂഷകന്മാർക്കെല്ലാം വെറുപ്പാണെന്നും അവരാണ് ഇസ്ലാംഭീതി പരത്തുകയും ഇസ്ലാമിനെതിരെ വെറുപ്പുൽപാദിപ്പിക്കാൻ ശ്രമിക്കുന്നതെന്നും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്ബർ. കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ സംഘടിപ്പിച്ച ‘ഇസ്ലാമിനോട് ആർക്കാണ് വെറുപ്പ്?’ വിഷയത്തിൽ തുറന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്രഷ്ടാവിനും സൃഷ്ടികൾക്കുമിടയിൽ ദല്ലാളന്മാരുടെ ആവശ്യമില്ലെന്നും പൗരോഹിത്യത്തിന് പ്രസക്തിയില്ലെന്നും ഇസ്ലാം പഠിപ്പിക്കുന്നു. ഈ ഇസ്ലാമിനെ പൗരോഹിത്യത്തിലൂടെ മനുഷ്യരെ ചൂഷണംചെയ്യാൻ ശ്രമിക്കുന്നവർക്ക് വെറുപ്പാവുക സ്വാഭാവികമാണ്.
ഇന്ത്യൻ ഹുദാ സെന്റർ സംവാദ സദസ്സ്
ഇസ്ലാമിനെതിരെ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നതിൽ പൗരോഹിത്യവും മുതലാളിത്തവും കൈകോർക്കുന്ന സ്ഥിതിയാണ്. ഇസ്ലാമിനെയും പ്രവാചകനെയും ഖുർആനിനെയും യഥാരൂപത്തിൽ പരിചയപ്പെടുത്തി ഈ വെറുപ്പുൽപാദനത്തിന് തടയിടാൻ മുസ്ലിംകൾ സന്നദ്ധമാകണമെന്നും എം.എം. അക്ബർ ഉണർത്തി.
കുവൈത്ത് സിറ്റി മസ്ജിദുൽ കബീറിൽ നടന്ന പരിപാടിയിൽ ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് സുബൈർ പീടിയേക്കൽ വിഷയം അവതരിപ്പിച്ചു. സമ്മേളനം കുവൈത്ത് ഔഖാഫ് മന്ത്രാലയ പ്രതിനിധി ശൈഖ് മുഹമ്മദ് അലി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഹുദാ സെന്റർ പ്രസിഡന്റ് അബ്ദുല്ല കാരക്കുന്ന് ആധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുർറഹ്മാൻ അടക്കാനി സ്വാഗതവും ആദിൽ സലഫി നന്ദിയും പറഞ്ഞു.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. അബ്ദുൽ ഹമീദ് കൊടുവള്ളി ചോദ്യോത്തര സെഷൻ നിയന്ത്രിച്ചു. അസ്ലം കുറ്റിക്കാട്ടൂർ (കെ.എം.സി.സി), കെ.സി. റഫീഖ് (കെ.കെ.എം.എ), പി.ടി. ശരീഫ് (കെ.ഐ.ജി), റാഫി നന്തി (എം.ഇ.എസ്), അഫ്സൽ (ഫ്രൈഡേ ഫോറം) എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

