ഇസ്രായേൽ അധിനിവേശം: രൂക്ഷ വിമർശനവുമായി കുവൈത്ത്
text_fieldsതാരിഖ് അൽ ബന്നായി ഐക്യരാഷ്ട്രസഭ പൊതുസഭയിൽ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഫലസ്തീനെതിരായ ഇസ്രായേൽ അധിനിവേശത്തെയും ആക്രമണത്തെയും കണ്ടില്ലെന്നു നടിക്കുന്ന അന്താരാഷ്ട്ര സമൂഹത്തെയും ഐക്യരാഷ്ട്രസഭയെയും രൂക്ഷമായി വിമർശിച്ച് കുവൈത്ത്. നിയമത്തിന് അതീതരാണെന്ന മട്ടിലാണ് ഇസ്രായേൽ നടപടികളെ പല രാജ്യങ്ങളും കാണുന്നത്.
ന്യായമായ ഫലസ്തീനിയൻ പ്രശ്നത്തെ യു.എൻ അംഗരാജ്യങ്ങൾ ഇരട്ടത്താപ്പോടെ കൈകാര്യം ചെയ്യുന്നത് തുടരുകയാണെന്നും ഐക്യരാഷ്ട്രസഭയിലെ കുവൈത്ത് സ്ഥിരംപ്രതിനിധി താരിഖ് അൽ ബന്നായി കുറ്റപ്പെടുത്തി. ഫലസ്തീൻ വിഷയത്തിൽ ഐക്യരാഷ്ട്രസഭ പൊതുസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫലസ്തീൻ പ്രശ്നത്തെ അഭിസംബോധന ചെയ്യാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ കഴിവില്ലായ്മയും ഇസ്രായേലിനെ പ്രതികളാക്കാത്തതും ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു.എൻ ചാർട്ടർ, അന്താരാഷ്ട്ര നിയമം, മാനുഷിക നിയമം, മനുഷ്യാവകാശ നിയമം, 1949 ലെ ജനീവ കൺവെൻഷനുകൾ, മറ്റ് ആഗോള ഉടമ്പടികൾ എന്നിവയുടെ ലംഘനം ഇസ്രായേൽ തുടർന്നുകൊണ്ടേയിരിക്കുന്നു.
എല്ലാത്തരം ആക്രമണങ്ങളും ഫലസ്തീൻ ജനത ദുഃഖപൂർവം അനുഭവിക്കുന്നു. അവരുടെ ദുഃഖവും നഷ്ടങ്ങളും ആരും ഏറ്റെടുക്കുന്നില്ല. ഇസ്രായേലിനെതിരെ അന്താരാഷ്ട്ര പ്രതികരണങ്ങളുണ്ടാകുന്നില്ലെന്നും താരിഖ് അൽ ബന്നായി ഓർമിപ്പിച്ചു.
കിഴക്കൻ ജറൂസലമിലെ ജൂത വാസസ്ഥലങ്ങളുടെ വിപുലീകരണം ഫലസ്തീന് ഭീഷണിയാണെന്ന റിപ്പോർട്ട് അൽ ബന്നായി ഉദ്ധരിച്ചു. ഫലസ്തീൻ സ്വത്വം പ്രകടിപ്പിക്കുന്ന ചിഹ്നങ്ങൾ തകർക്കുന്നതിലൂടെ, അധിനിവേശം ഫലസ്തീൻ സാംസ്കാരിക നിലനിൽപിനെ അപകടത്തിലാക്കുന്നു. രാഷ്ട്രീയപ്രവർത്തനത്തെ അടിച്ചമർത്തി സ്വയം മോചിതരാകാനുള്ള ഫലസ്തീനികളുടെ കഴിവിനെ തളർത്തുന്നു.
ഫലസ്തീനെതിരെ തുടർച്ചയായ ആക്രമണങ്ങൾ നടത്തി അവരുടെ മണ്ണ് പിടിച്ചെടുക്കുകയാണ് ഇസ്രായേൽ. അധിനിവേശ സേനയും കുടിയേറ്റക്കാരും അൽ അഖ്സ മസ്ജിദിനുനേരെ ആവർത്തിച്ചുള്ള ആക്രമണങ്ങൾ തുടരുന്നു. ഇത്തരം നടപടികളെ കുവൈത്ത് ശക്തമായി അപലപിക്കുന്നതായും ഫലസ്തീൻ വിഷയത്തിൽ കുവൈത്ത് ഭരണകൂടം പ്രത്യേക ശ്രദ്ധ ചെലുത്തുന്നതായും അൽ ബന്നായി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

