ഇസ്രായേൽ-ഇറാൻ സംഘർഷം; മുൻകരുതൽ വിലയിരുത്തി ഡിഫൻസ് കൗൺസിൽ യോഗം
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് കൗൺസിൽ യോഗം
കുവൈത്ത് സിറ്റി: ഇസ്രായേൽ -ഇറാൻ ആക്രമണത്തിന് പിറകെ മേഖലയിൽ രൂപകൊണ്ട സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുപ്രീം ഡിഫൻസ് കൗൺസിൽ യോഗം ചേർന്നു. ബയാൻ പാലസിൽ നടന്ന യോഗത്തിൽ കൗൺസിൽ അംഗങ്ങൾ പ്രാദേശിക സംഭവവികാസങ്ങൾ വിലയിരുത്തി.
സുരക്ഷ തലത്തിലുള്ള നടപടികൾ കൈകാര്യം ചെയ്യുന്നതിനായി സ്വീകരിച്ച മുൻകരുതൽ നടപടികളെക്കുറിച്ച് മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും വിശദീകരിച്ചു. വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നും സംഭവവികാസങ്ങൾ വിലയിരുത്തിയിരുന്നു.
അതിനിടെ, രാജ്യത്തെ വിപണി പ്രവർത്തനം സാധാരണ നിലയിലാണെന്നും ഉപഭോക്താക്കൾക്ക് പ്രയാസങ്ങൾ നേരിടുകയില്ലെന്നും വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള അടിയന്തര പദ്ധതികളും മന്ത്രാലയം കൈകൊണ്ടിട്ടുണ്ട്. പൗരന്മാരോടും താമസക്കാരോടും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ സ്വീകരിക്കാനും കിംവദന്തികൾ ഒഴിവാക്കാനും മന്ത്രാലയം അഭ്യർഥിച്ചു.
വിദേശകാര്യ മന്ത്രി ചർച്ച നടത്തി
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി അബ്ദുള്ള അൽ യഹ്യയും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയും മിഡിലീസ്റ്റ് മേഖലയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു. ജി.സി.സിരാജ്യങ്ങളുടെ നിലപാടുകൾ ഏകോപിപ്പിക്കുന്നതിനും മേഖലയിലെ സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നയതന്ത്ര ശ്രമങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ചർച്ചയെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

