യു.എൻ.ആർ.ഡബ്ല്യു.എ കെട്ടിടങ്ങൾ പൊളിച്ച ഇസ്രായേൽ നടപടി; കുവൈത്ത് അപലപിച്ചു
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീൻ അഭയാർഥികൾക്കുവേണ്ടിയുള്ള യു.എൻ ദുരിതാശ്വാസ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയുടെ കിഴക്കൻ ജറൂസലമിലെ ആസ്ഥാനം തകർത്ത ഇസ്രായേൽ നടപടി കുവൈത്ത് അപലപിച്ചു.അന്താരാഷ്ട്ര നിയമങ്ങളുടെയും പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണ് ഇതെന്ന് കുവൈത്ത് ചൂണ്ടികാട്ടി. ഇസ്രായേലി ലംഘനങ്ങൾ അവസാനിപ്പിക്കാനും നിയമലംഘനങ്ങൾക്ക് ഉത്തരവാദികളാക്കാനും അന്താരാഷ്ട്ര സമൂഹത്തോടും യു.എൻ രക്ഷാ കൗൺസിലിനോടും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു.
അന്താരാഷ്ട്ര സംഘടനകളുമായി ബന്ധപ്പെട്ട സൗകര്യങ്ങൾക്കും ജീവനക്കാർക്കും ആവശ്യമായ സംരക്ഷണം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും സംഘർഷ മേഖലകളിൽ നിർബന്ധിത മാനുഷിക കടമകൾ നിർവഹിക്കാൻ അവർക്ക് സാഹചര്യം ഒരുക്കേണ്ടതും കുവൈത്ത് ഉണർത്തി.
കഴിഞ്ഞദിവസം ബുൾഡോസറുകളുമായി എത്തിയ ഇസ്രായേൽ സൈന്യം മതിൽക്കെട്ടിനകത്ത് കയറി യു.എൻ.ആർ.ഡബ്ല്യു.എ കെട്ടിടങ്ങൾ പൊളിക്കുകയായിരുന്നു. ഇസ്രായേൽ പാർലമെന്റ്, സർക്കാർ പ്രതിനിധികളും സംഭവസമയം സ്ഥലത്തുണ്ടായിരുന്നു. ഇസ്രായേൽ സൈന്യം ജീവനക്കാരുടെ ഉപകരണങ്ങൾ കണ്ടുകെട്ടുകയും ശൈഖ് ജറാ മേഖലയിലെ ആസ്ഥാനത്തുനിന്ന് പുറത്താക്കുകയും ചെയ്തതായി യു.എൻ.ആർ.ഡബ്ല്യു.എ ‘എക്സി’ൽ കുറിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ പ്രത്യേകാവകാശങ്ങളുടെയും ഗുരുതരമായ ലംഘനമാണ് ഇതെന്നും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

