ഇസ്രായേൽ ആക്രമണം; ഐക്യരാഷ്ട്രസഭ സുരക്ഷ കൗൺസിൽ ഇടപെടണം
text_fieldsതാരീഖ് അൽ ബനായി
കുവൈത്ത് സിറ്റി: ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ തുടരുന്ന ആക്രമണത്തിനെതിരെ കുവൈത്ത്. സംഭവത്തിൽ ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ (യു.എൻ) ആസ്ഥാനത്തെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി അംബാസഡർ താരീഖ് അൽ ബനായി ശക്തമായി അപലപിച്ചു.
മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ ഐക്യരാഷ്ട്രസഭ സുരക്ഷ കൗൺസിൽ (യു.എൻ.എസ്.സി) ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫലസ്തീനിലെ ജനങ്ങൾക്ക് സംരക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട പ്രമേയങ്ങളും യു.എൻ ചാർട്ടറും, അന്താരാഷ്ട്ര നിയമങ്ങളും അദ്ദേഹം സൂചിപ്പിച്ചു.
യു.എന്നിലെ എല്ലാ അംഗങ്ങളും ഇസ്രായേൽ അധിനിവേശത്തിനെതിരെ രംഗത്തുവരണമെന്നും ഫലസ്തീനികളുടെ സംരക്ഷണം യു.എൻ.എസ്.സി പ്രധാന ലക്ഷ്യമാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്രായേൽ ആക്രമണത്തിനെതിരെ നേരത്തേ കുവൈത്ത് വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയിരുന്നു.
വിഷയത്തിൽ അന്താരാഷ്ട്ര സമൂഹവും സുരക്ഷ കൗൺസിലും ഉത്തരവാദിത്തങ്ങൾ നിർവഹിക്കണമെന്നും ആക്രമണങ്ങൾ ഉടനടി അവസാനിപ്പിച്ച് ഫലസ്തീന് സംരക്ഷണം നൽകണമെന്നും വിദേശകാര്യ മന്ത്രാലയം ഉണർത്തി.
യു.എൻ ചാർട്ടറിനും അന്താരാഷ്ട്ര നിയമങ്ങൾക്കും അനുസൃതമായി ഫലസ്തീൻ ജനതക്ക് നിയമപരവും സിവിൽ പരിരക്ഷയും നൽകണമെന്നും സൂചിപ്പിച്ചു. അതേസമയം, ഗസ്സയിൽ കഴിഞ്ഞദിവസവും ഇസ്രായേൽ ആക്രമണം നടത്തി. ചൊവ്വാഴ്ച പുലർച്ചെ ആരംഭിച്ച വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 27 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. 70 ഓളം പേർക്ക് പരിക്കേൽക്കുകയുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

