ഒറ്റപ്പെട്ട മഴ തുടരും; മഴക്കുപിറകെ മഞ്ഞും തണുപ്പും...
text_fieldsകുവൈത്ത് സിറ്റി: മഴക്കുപിറകെ രാജ്യം കനത്ത തണുപ്പിന്റെ പിടിയിൽ. വ്യാഴാഴ്ച ശക്തമായിരുന്ന മഴ വെള്ളിയാഴ്ച ശമിച്ചെങ്കിലും ആകാശം മേഘാവൃതമായിരുന്നു. ഇതിനൊപ്പം കനത്ത തണുപ്പും മൂടൽ മഞ്ഞും രാജ്യത്തെ പിടികൂടി. കനത്ത തണുപ്പും വീശിയടിക്കുന്ന കാറ്റും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചു. നഗരപ്രദേശങ്ങളേക്കാൾ മരുഭൂപ്രദേശങ്ങളിലാണ് തണുപ്പ് കൂടുതൽ എത്തിയത്.
വടക്ക് പടിഞ്ഞാറ്നിന്ന് ഉപരിതല ഉയർന്ന മർദ സംവിധാനത്തിന്റെ വികാസവും തണുത്ത വായു പിണ്ഡവും മിതമായതോ വേഗമുള്ളതോ ആയ വടക്ക് പടിഞ്ഞാറൻ കാറ്റും രാജ്യത്തെ ബാധിച്ചതായി കാലാവസ്ഥ വകുപ്പ് ആക്ടിങ് ഡയറക്ടർ ദിരാർ അൽ അലി പറഞ്ഞു.
ചിലയിടങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ തണുത്ത കാറ്റ് വീശി. പൊടിപടലങ്ങൾ ഉയർത്തിയ കാറ്റ് ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറച്ചു.
വരുന്ന ഏതാനും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസഥ വകുപ്പ് നൽകുന്ന സൂചന. തണുപ്പ് കൂടുന്നതിനാൽ പുറത്തിറങ്ങുന്നവർ ശൈത്യത്തെ പ്രതിരോധിക്കുന്ന വസ്ത്രം ധരിക്കണമെന്ന് അധികൃതർ അറിയിച്ചു.
കടുത്ത തണുപ്പ് അനുഭവപ്പെടുന്ന മുറബ്ബാനിയ്യ സീസണിലാണ് നിലവിൽ രാജ്യം. മുറബ്ബാനിയ്യ സീസൺ അവസാനഘട്ടത്തിലേക്ക് കടക്കുന്നതോടെ തണുപ്പ് ശക്തിപ്രാപിക്കും. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ശക്തമായ തണുപ്പാണ് രാജ്യത്ത് അനുഭവപ്പെടുക എന്നതിന്റെ സൂചനയായി നിലവിലുള്ള കാലാവസഥയെ കണക്കാക്കുന്നു.
ഈ വർഷം ഫെബ്രുവരിയിൽ കനത്ത തണുപ്പാണ് അനുഭവപ്പെട്ടത്. 60 വർഷത്തിനിടയിലെ ഏറ്റവും വലിയ തണുപ്പാണ് ഫെബ്രുവരിയിൽ രേഖപ്പെടുത്തിയത്. തണുപ്പിനൊപ്പം മഞ്ഞും ശക്തമായ കാറ്റിന്റെ സാന്നിധ്യവും ഉണ്ടാകും. മൂടൽമഞ്ഞ് പരക്കുന്നതിനാൽ ദൃശ്യപരതയും കുറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

