കാലാവസ്ഥ മാറുന്നു; കുവൈത്തിൽ നാളെ ഒറ്റപ്പെട്ട മഴക്ക് സാധ്യത
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കാലാവസഥമാറുന്നു. വരും ദിവസങ്ങളിൽ താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആക്ടിംഗ് ഡയറക്ടർ ദരാർ അൽ അലി അറിയിച്ചു. വെള്ളിയാഴ്ച ഒറ്റപ്പെട്ട മഴക്കും ഞായറാഴ്ച ഇടക്കിടെ ഇടിമിന്നലോടെയുള്ള മഴക്കും നേരിയ സാധ്യതയുണ്ട്. ശനിയാഴ്ച വൈകുന്നേരം മൂടൽമഞ്ഞ് രൂപപ്പെടാനും ഞായറാഴ്ച രാവിലെ വരെ തുടരാനും സാധ്യതയുണ്ട്.
പരമാവധി താപനിലയിൽ വരും ദിവസങ്ങളിൽ കുറവുണ്ടാകും. ഉയർന്ന താപനില 40 മുതൽ 43 ഡിഗ്രി സെൽഷ്യസ് വരെയാകും. കുറഞ്ഞ താപനില 24 മുതൽ 27 ഡിഗ്രി വരെയായിരിക്കും.
ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ സ്വാധീനവും അതോടൊപ്പമെത്തുന്ന ചൂടുള്ളതും ഈർപ്പമുള്ളതുമായ വായുപിണ്ഡവും രാജ്യത്തെ ബാധിക്കുമെന്ന് കാലാവസ്ഥാ ഭൂപടങ്ങളും സംഖ്യാമാതൃകകളും സൂചിപ്പിക്കുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കാറ്റ് ദിശ മാറിക്കൊണ്ടിരിക്കുകയോ തെക്കുകിഴക്ക് ദിശയിൽ നിന്ന് വീശുകയോ ചെയ്യും. വേഗത കുറഞ്ഞതോ മിതമായതോ ആയ കാറ്റ് ഇടക്കിടെ ശക്തിപ്രാപിക്കും.
അതേസമയം, രാജ്യത്ത് ജ്യോതിശാസ്ത്രപരമായി ഈ വർഷത്തെ വേനൽകാലം സെപ്റ്റംബർ 22ന് അവസാനിച്ചെങ്കിലും ഉയർന്ന ചൂട് കഴിഞ്ഞ ദിവസങ്ങളിലും തുടർന്നിരുന്നു.
സീസണൽ മാറ്റത്തിന്റെ ഭാഗമായി രാജ്യത്ത് പകലിന്റെയും രാത്രിയുടെയും ദൈർഘ്യത്തിൽ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. നിലവിൽ പകലിന്റെ നീളം കുറഞ്ഞുവരുകയും രാത്രിയുടെ ദൈർഘ്യം കൂടിവരുകയും ചെയ്യുന്നുണ്ട്. അടുത്ത ആഴ്ചയോടെ താപനിലയിൽ ഇനിയും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.
വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, ആപ്ലിക്കേഷൻ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയിലൂടെ കാലാവസ്ഥാ വിവരങ്ങൾ പരിശോധിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

