കുവൈത്തിലുണ്ട് ആ ‘രക്ഷകൻ’
text_fieldsകുവൈത്ത് സിറ്റി: കണ്ണൂർ പഴയങ്ങാടി പള്ളിക്കരയിൽ ച്യൂയിംഗം തൊണ്ടയിൽ കുടുങ്ങിയ എട്ടുവയസ്സുകാരിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച യുവാക്കളുടെ സംഘത്തിലെ ഇസ്മായിൽ കുവൈത്ത് പ്രവാസി. ശുവൈഖിൽ കമ്പനിയിൽ ജോലി ചെയ്യുന്ന ഇസ്മായിൽ നാട്ടിൽ പോയ സമയത്തായിരുന്നു സംഭവം.
നാട്ടിൽ സുഹൃത്തുക്കളുമായി സംസാരിച്ചുനിൽക്കുകയായിരുന്നു ഇസ്മായിൽ. ഇതിനിടെയാണ് സൈക്കിളിൽ പോകുന്നതിനിടെ ച്യൂയിംഗം തൊണ്ടയിൽ കുടുങ്ങിയ പെൺകുട്ടി അസ്വസ്ഥതയോടെ ഇവരെ സമീപിച്ചത്. അപകടം തിരിച്ചറിഞ്ഞ ഇസ്മായിൽ കുട്ടിയെ ഉയർത്തി പുറത്ത് അമർത്തുകയും തട്ടുകയും ചെയ്തു. ഇതോടെ തൊണ്ടയിൽ കുടുങ്ങിയ ച്യൂയിംഗം പുറത്തുവരികയുമായിരുന്നു. ഇതോടെയാണ് കുട്ടിക്ക് സാധാരണ നിലയിൽ ശ്വാസമെടുക്കാൻ കഴിഞ്ഞത്. പള്ളിക്കര സ്വദേശികളായ ഷൗക്കത്തിന്റെയും ഫരീദയുടെയും എട്ടു വയസ്സുള്ള മകൾ ഫാത്തിമയുടെ ജീവനാണ് സമയോചിതമായ ഇടപെടൽ വഴി ഇസ്മായിലും സുഹൃത്തുക്കളും രക്ഷിച്ചത്.
സഹായം തേടാനുള്ള കുട്ടിയുടെ മനസ്സാന്നിധ്യത്തെയും സമയത്തിന് ഇടപെട്ട യുവാക്കളുടെ പ്രവർത്തനത്തിനും വലിയ പ്രശംസയാണ് ലഭിച്ചത്. അപകടനിലയിൽ കണ്ട കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്തതതെന്നും നാട്ടിൽ പോയപ്പോൾ വലിയൊരു സൽപ്രവർത്തി ചെയ്യാനായതിന്റെ സംതൃപ്തിയിലാണ് താനെന്നും ഇസ്മാഈൽ പറഞ്ഞു. 15 വർഷത്തോളമായി കുവൈത്ത് പ്രവാസിയാണ് ഇസ്മാഈൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

