ഇസ്‍ലാമിക് വുമൻസ് അസോസിയേഷൻ കുവൈത്ത് മനുഷ്യാവകാശ സംഗമം
text_fieldsഇസ്‍ലാമിക് വുമൻസ് അസോസിയേഷൻ മനുഷ്യാവകാശ സംഗമത്തിൽ ഡോ. അലിഫ് ഷുക്കൂർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഇസ്‍ലാമിക് വുമൻസ് അസോസിയേഷൻ (ഐവ) കുവൈത്ത് മനുഷ്യാവകാശ സംഗമം നടത്തി. മനുഷ്യാവകാശ സംരക്ഷണത്തിൽ പ്രതിജ്ഞാബന്ധമാണെന്ന് ലോകത്തെ മുഴുവൻ ഭരണകൂടങ്ങളും അവകാശപ്പെടുന്നുവെങ്കിലും ജനങ്ങളിൽ ഗണ്യമായൊരു വിഭാഗം ഇപ്പോഴും നിലനിൽപ്പിനും അവകാശ സംരക്ഷണത്തിനുമായുള്ള പോരാട്ടത്തിലാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഐവ പ്രസിഡന്റ് മെഹബൂബ അനീസ് ചൂണ്ടിക്കാട്ടി.
പീഡിത വിഭാഗങ്ങളോട് ചുരുങ്ങിയത് മാനസികമായെങ്കിലും ഐക്യദാർഢ്യം പുലർത്താനും അവർക്കുവേണ്ടി പ്രാർഥിക്കാനും സാധിക്കണമെന്നും അവർ ഉണർത്തി.
തുല്യതയുടെ പേരുപറഞ്ഞ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന ജെൻഡർ ന്യൂട്രാലിറ്റി നമ്മുടെ മനോഹരമായ കുടുംബ വ്യവസ്ഥയെ ഇല്ലായ്മ ചെയ്യുന്നതാണെന്ന് സോളിഡാരിറ്റി സെക്രട്ടറി ഡോ. അലിഫ് ഷുക്കൂർ ചൂണ്ടിക്കാട്ടി. ജെൻഡർ ന്യൂട്രാലിറ്റിയുടെ പേരിൽ കലാലയങ്ങളിൽ തെറ്റായ രീതിയിലുള്ള ആശയങ്ങളാണ് പുതുതലമുറക്ക് നൽകുന്നതെന്നും 'ലിംഗനീതി' എന്ന വിഷയത്തിൽ സദസ്സിനോട് സംവദിച്ച അദ്ദേഹം പറഞ്ഞു.
ജെൻഡർ ന്യൂട്രാലിറ്റിയുടെ മറവിൽ പടച്ചുവിടുന്ന ആശയങ്ങൾ അപകടകരമാണ്. ലിംഗസമത്വം എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്ന ലിബറൽ ആശയങ്ങൾക്ക് പകരം ലിംഗനീതിക്ക് വേണ്ടിയുള്ള ശബ്ദങ്ങളാണ് ഉയരേണ്ടത്.
സമൂഹത്തിൽ അരാചകത്വം സൃഷ്ടിക്കാനിടയാക്കുന്ന പുതിയ ആശയങ്ങളെ തിരിച്ചറിഞ്ഞു പ്രതിരോധിക്കണമെന്നും ഡോ. അലിഫ് ഷുക്കൂർ ഉണർത്തി. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ വാഹിത ഫൈസൽ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി ആശ ദൗലത്ത് സ്വാഗതവും സൂഫിയ സാജിദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

