ഇസ്ലാമിക് സോളിഡാരിറ്റി ഗെയിംസ്: കുവൈത്തിന് മൂന്ന് സ്വർണം
text_fieldsയാക്കൂബ് അൽ യോഹ
കുവൈത്ത് സിറ്റി: തുർക്കി നഗരമായ കോന്യയിൽ നടക്കുന്ന അഞ്ചാമത് ഇസ്ലാമിക് സോളിഡാരിറ്റി ഗെയിംസിൽ കുവൈത്തിന് മൂന്ന് സ്വർണം. ഒരു വെള്ളിയും ഒരു വെങ്കലവും കഴിഞ്ഞ ദിവസം ലഭിച്ചു.
വനിത സിംഗിൾ ട്രാപ് ഷൂട്ടിങ് മത്സരത്തിൽ ഷൂട്ടർ സാറ അൽ ഹുവലാണ് സ്വർണം നേടിയത്. തനിക്ക് പൂർണ പിന്തുണ നൽകുന്ന ജനങ്ങൾക്കും രാഷ്ട്രീയ നേതൃത്വത്തിനും നേട്ടം സമർപ്പിക്കുന്നതായി അവർ പറഞ്ഞു.
ഷൂട്ടർമാരായ അബ്ദുറഹ്മാൻ അൽ ഫൈഹാൻ, ഈസാ അൽ സങ്കവി എന്നിവർ ഷൂട്ടിങ്ങിലും ഡിസ്കസ് ത്രോ മത്സരത്തിലും രണ്ട് സ്വർണം നേടി. സൈക്ലിങ്ങിൽ കുവൈത്തിന്റെ സെയ്ത് ജാഫർ അൽ അലി വെള്ളി നേടി. ഇതുവരെയുള്ളതിൽ മികച്ച പ്രകടനം പുറത്തെടുത്താണ് സെയ്ത് ജാഫർ അൽ അലി രണ്ടാംസ്ഥാനത്തേക്ക് എത്തിയത്.
ആദ്യദിവസം 110 മീറ്റർ ഓട്ടത്തിൽ കുവൈത്തിന്റെ യാക്കൂബ് അൽ-യോഹ വെങ്കല മെഡൽ നേടിയിരുന്നു. 13.30 സെക്കൻഡിലാണ് യാക്കൂബ് അൽയോഹ 110 മീറ്റർ ഓടിയെത്തിയത്. സംഘാടകർക്കും പ്രതിനിധി സംഘത്തിനും കുവൈത്ത് ജനതക്കും യാക്കൂബ് അൽയോഹ നന്ദി അറിയിച്ചു.
ഓട്ടം, കരാട്ടെ, നീന്തൽ, ജൂഡോ, ഷൂട്ടിങ് തുടങ്ങി പത്ത് ഇനങ്ങളിലായി കുവൈത്തിന്റെ 60 കായികതാരങ്ങൾ മത്സരരംഗത്തുണ്ട്. 50ലധികം ഇസ്ലാമിക രാജ്യങ്ങളിലെ 6000ത്തോളം കായികതാരങ്ങൾ പങ്കെടുക്കുന്ന സോളിഡാരിറ്റി ഗെയിംസ് ആഗസ്റ്റ് 18 വരെ നീളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

