കേവല ആചാരങ്ങൾ മാത്രമല്ല, ജീവിത ദർശനമാണ് ഇസ്ലാം -സി. മുഹമ്മദ് ഫൈസി
text_fieldsഐ.സി.എഫ് മീലാദ് സമ്മേളനത്തിൽ സി. മുഹമ്മദ് ഫൈസി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കേവല ആചാരങ്ങൾ മാത്രമല്ല, ജീവിതദർശനമാണ് ഇസ്ലാമെന്നും തലമുറകളിൽനിന്ന് കൈമാറിക്കിട്ടിയ ഉത്തമ മൂല്യങ്ങൾ ഉൾക്കൊള്ളുമ്പോഴാണ് സാംസ്കാരിക മുന്നേറ്റം സാധ്യമാകുന്നതെന്നും കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി. ‘തിരുനബിയുടെ സ്നേഹലോകം’ എന്ന പ്രമേയത്തിൽ ഐ.സി.എഫ് മീലാദ് കാമ്പയിന്റെ ഭാഗമായി കുവൈത്ത് നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻറ് മീലാദ് സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചിന്തകരുടെയും ചരിത്രകാരന്മാരുടെയും നിഷ്പക്ഷമായുള്ള കണ്ടെത്തലുകൾ പഠിച്ചാൽ മുഹമ്മദ് നബി പഠിപ്പിച്ച മൂല്യങ്ങളുടെ തെളിച്ചം മനസ്സിലാകും. 14 നൂറ്റാണ്ടുകൾക്കു മുമ്പുള്ള നബിയുടെ അധ്യാപനങ്ങൾ ശാസ്ത്രം ഇന്ന് അംഗീകരിക്കുന്നു. ഇസ്ലാം ഉയരുന്തോറും മുസ്ലിംകൾ പിന്നോട്ടാകുന്നതിന് കാരണം വിദ്യാഭ്യാസത്തിന്റെ അഭാവമാണ്.
മീലാദ് സമ്മേളന സദസ്സ്
പ്രവാചകൻ തെറ്റിദ്ധരിക്കപ്പെടുന്നുണ്ടെങ്കിൽ അതിനു കാരണം മുസ്ലിംകൾതന്നെയാണ്. യഥാർഥ പഠനവും വായനയും ഇല്ലാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും മുഹമ്മദ് ഫൈസി പറഞ്ഞു.
ഖൈത്താനിലെ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ കുവൈത്ത് സൊസൈറ്റി ഫോർ ഇസ്ലാമിക് സ്റ്റഡീസ് ചെയർമാൻ ഡോ. ശൈഖ് അഹമദ് നിസ്ഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ഹബീബ് അൽ ബുഖാരി അധ്യക്ഷത വഹിച്ചു. മലയാളം, അറബി, ഉർദു ഭാഷകളിൽ മൗലീദുകളുടെയും കീർത്തന ഗാനങ്ങളുടെയും ആലാപനങ്ങൾ നടന്നു.
മദ്റസ വിദ്യാർഥികളുടെ ദഫ് പ്രദർശനവും നടന്നു. ശറഫുദ്ദീൻ കണ്ണേത്ത് (കെ.എം.സി.സി), അബ്ദുറഹിമാൻ സഖാഫി (കെ.സി.എഫ്) എന്നിവർ ആശംസകൾ നേർന്നു. അബ്ദുല്ല വടകര സ്വാഗതവും അബുമുഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

