ഇറാഖ് നടപടി; കുവൈത്തിന്റെ പരമാധികാരത്തെ പിന്തുണച്ചു ഗൾഫ്, അറബ് രാജ്യങ്ങൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിന്റെ സമുദ്രമേഖലകളുടെ പരമാധികാരത്തിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു ഗൾഫ്, അറബ് രാജ്യങ്ങൾ. കുവൈത്ത് ജലാശയങ്ങളെ ബാധിക്കുന്നതരത്തിൽ കോഓഡിനേറ്റുകളും ഭൂപടവും ഇറാഖ് ഐക്യരാഷ്ട്രസഭക്ക് സമർപ്പിച്ച പശ്ചാത്തലത്തിലാണ് പിന്തുണ.
ഐക്യരാഷ്ട്രസഭയിൽ സമർപ്പിച്ച കോഓഡിനേറ്റുകളും ഭൂപടവും പിൻവലിക്കണമെന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി ഇറാഖിനോട് ആവശ്യപ്പെട്ടു. സമുദ്രമേഖലകളിലും ജലമേഖലകളിലും കുവൈത്തിന്റെ പരമാധികാരത്തെ ലംഘിക്കുന്നതാണ് ഇറാഖ് നടപടിയെന്നും സൂചിപ്പിച്ചു.ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കുവൈത്തും ഇറാഖും തമ്മിൽ ഒപ്പുവെച്ച കരാറുകളും ഉഭയകക്ഷി ധാരണ പത്രങ്ങളും പാലിക്കണം.
പ്രാദേശിക സ്ഥിരതയും രാജ്യങ്ങളുടെ പരമാധികാരവും സംരക്ഷിക്കുന്നതിനായി നിയമ ചട്ടക്കൂടുകൾക്കുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും വ്യക്തമാക്കി.യു.എ.ഇ, ബഹ്റൈൻ, ഖത്തർ എന്നിവ കുവൈത്തിന് അതിന്റെ സമുദ്രമേഖലകളിൽ പൂർണ്ണ പരമാധികാരമുണ്ടെന്ന് വ്യക്തമാക്കി. കുവൈത്ത് സമുദ്രമേഖലകളിലും സൗദി-കുവൈത്ത് വിഭജിത പ്രദേശത്തോട് ചേർന്നുള്ള മേഖലയിലെ ചില ഭാഗങ്ങളിലും ഇറാഖി കോഓഡിനേറ്റുകൾ ലംഘനം നടത്തുന്നതായി സൗദി അറേബ്യ വ്യക്തമാക്കി. കുവൈത്തിനും ഇറാഖിനും ഇടയിലുള്ള കര, സമുദ്ര അതിർത്തി നിർവചിച്ച യു.എൻ സുരക്ഷ കൗൺസിൽ പ്രമേയം പോലുള്ള അന്താരാഷ്ട്ര കരാറുകൾ പാലിക്കണമെന്നും സൂചിപ്പിച്ചു.
കുവൈത്തും ഇറാഖും തമ്മിലുള്ള ദീർഘകാല ബന്ധങ്ങൾ പരിഗണിക്കണമെന്നും നല്ല അയൽപക്കത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും തത്ത്വങ്ങൾക്ക് അനുസൃതമായി വിഷയം പരിഹരിക്കണമെന്നും ഒമാൻ ആവശ്യപ്പെട്ടു. കുവൈത്തിന്റെ പരമാധികാരത്തെയും സമുദ്രാതിർത്തികളെയും ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം ഈജിപ്ത് സൂചിപ്പിച്ചു. സംഭാഷണങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കാനുള്ള സന്നദ്ധതയും പ്രകടിപ്പിച്ചു. കുവൈത്തിന്റെ പരമാധികാര അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റത്തെ യമൻ നിരസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

