ഇറാഖ് അധിനിവേശം; ‘ഓപറേഷൻ ഡസേർട്ട് സ്റ്റോം’ ഓർമകളിൽ കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഇറാഖ് അധിനിവേശത്തിന്റെയും പിന്മാറ്റത്തിന്റെയും മറക്കാനാകാത്ത ദിനങ്ങളിൽ കുവൈത്ത്. കുവൈത്തിലേക്ക് കടന്നുകയറിയ ഇറാഖ് സൈന്യത്തെ തുരത്തുന്നതിനായി മൂന്നര ദശകം മുമ്പ് ജനുവരി 17നാണ് അന്താരാഷ്ട്ര സഖ്യസേന ‘ഓപറേഷൻ ഡസേർട്ട് സ്റ്റോം’ എന്ന പേരിൽ സൈനിക നടപടി ആരംഭിച്ചത്.
കുവൈത്തിന്റെ ചരിത്രത്തിലും കുവൈത്ത് ജനതയുടെ ഹൃദയങ്ങളിലും മറക്കാനാവാത്ത മറ്റൊരു അധ്യായത്തിന്റെ ഓർമദിനം. 1990 ആഗസ്റ്റ് രണ്ടിനാണ് കുവൈത്തിലേക്ക് ഇറാഖ് സൈന്യം കടന്നുകയറിയത്.
സംഭവത്തെ അപലപിച്ച ഐക്യരാഷ്ട്രസഭ കുവൈത്തിൽ സൈന്യത്തെ ഉടനടി പിൻവലിക്കാൻ ഇറാഖിനോട് ആവശ്യപ്പെട്ടു. ഇറാഖ് ഇത് ചെവിക്കൊണ്ടില്ല. തുടർന്ന് സൈന്യത്തെ പിൻവലിക്കാൻ ഇറാഖിന് 1991 ജനുവരി 15 അവസാന സമയപരിധി നിശ്ചയിച്ചു. അല്ലാത്തപക്ഷം സൈനിക നടപടികൾ ആരംഭിക്കുമെന്നും മുന്നറിയിപ്പുനൽകി.
വിമോചന പോരാട്ടത്തിന് തുടക്കം
യു.എൻ രക്ഷാ കൗൺസിൽ നിശ്ചയിച്ച സമയപരിധി അവസാനിച്ചതോടെ 1991 ജനുവരി 17ന് പുലർച്ചെ സഖ്യസേന സൈനിക നടപടി ആരംഭിച്ചു.
അന്താരാഷ്ട്ര സഖ്യത്തിന്റെ 1800 വിമാനങ്ങൾ ഇറാഖിനുമുകളിൽ തീ മഴ വർഷിച്ചു. അമേരിക്കയുടെ എഫ്-17 വിമാനങ്ങൾ ബഗ്ദാദിലുടനീളം കനത്ത നഷ്ടം വരുത്തി. ആശയവിനിമയ കേന്ദ്രങ്ങൾ നശിപ്പിച്ചു.
ബ്രിട്ടീഷ് ടൊർണാഡോ വിമാനങ്ങൾ ഇറാഖിലെ വിമാനത്താവളങ്ങൾ നശിപ്പിക്കുകയും ഫ്രഞ്ച്, ഇറ്റാലിയൻ വിമാനങ്ങൾ മിസൈൽ കേന്ദ്രങ്ങൾ ബോംബിടുകയും ചെയ്തു. കുവൈത്തിനുള്ളിലെ ഇറാഖിതാവളങ്ങളിൽ കുവൈത്ത് വ്യോമസേന ലക്ഷ്യം വെച്ചു. അറേബ്യൻ ഗൾഫിലെ വിമാനവാഹിനിക്കപ്പലിൽ നിന്നും ചെങ്കടൽ, തുർക്കിയ, സൗദി അറേബ്യ, ബഹ്റൈൻ വ്യോമതാവളങ്ങളിൽ നിന്നും യുദ്ധവിമാനങ്ങൾ പറന്നുയർന്നു.
യു.എസ് വിമാനവാഹിനിക്കപ്പലുകൾ ഇറാഖി കേന്ദ്രങ്ങളിലേക്ക് മിസൈലുകൾ തൊടുത്തുവിട്ടു.
240 മിനിറ്റിനിടെ 400 യുദ്ധവിമാനങ്ങൾ 1200 ആക്രമണങ്ങൾ നടത്തിയ ഓപറേഷന്റെ ആദ്യദിവസം തന്നെ ഇറാഖി ജെറ്റുകളിൽ പകുതിയോളം നശിപ്പിക്കപ്പെട്ടു. രൂക്ഷമായ ആക്രമണത്തിൽ ഇറാഖ് വിറച്ചു.
ഇറാഖ് കീഴടങ്ങൽ
സഖ്യസേന ആക്രമണത്തിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വന്നതോടെ ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ മൂന്നാഴ്ചക്കുള്ളിൽ സൈന്യത്തെ പിൻവലിക്കാനും വെടിനിർത്തൽ പ്രഖ്യാപിക്കാനുമുള്ള സോവിയറ്റ് യൂനിയന്റെ നിർദേശം ഇറാഖ് അംഗീകരിച്ചു. എന്നാൽ ഇത് യു.എസ് തള്ളി. കരയുദ്ധമില്ലാതെ കുവൈത്തിൽ നിന്ന് പൂർണവും നിരുപാധികവുമായ പിൻവാങ്ങലിന് 24 മണിക്കൂർ സമയം അനുവദിച്ചു.
ഫെബ്രുവരി 24ന് സഖ്യസേന കുവൈത്ത്, ഇറാഖി പ്രദേശങ്ങളിലേക്ക് പ്രവേശിച്ചു. കരസേനയെ മൂന്ന് പ്രധാന ഗ്രൂപ്പുകളായി വിഭജിച്ചായിരുന്നു സൈനിക നീക്കം. ആദ്യത്തേത് കുവൈത്ത് സിറ്റിയുടെ മോചനത്തിനായി ഇടപെട്ടു. രണ്ടാമത്തേത് കുവൈത്തിന് പടിഞ്ഞാറുള്ള ഇറാഖി സൈന്യത്തെ വളഞ്ഞു. മൂന്നാമത്തെ സംഘത്തിന് ഇറാഖി പ്രദേശത്തിന്റെ തെക്ക് ഭാഗത്തേക്ക് പ്രവേശിച്ച് സൈന്യത്തിനുള്ള സഹായം നിർത്തലാക്കാനുള്ള ചുമതല നൽകി. സഖ്യസേന കര ആക്രമണവും ആരംഭിച്ചതോടെ ഇറാഖിന് പിടിച്ചുനിൽക്കാനായില്ല. രണ്ടുദിവസത്തിനകം ഇറാഖ് കീഴടങ്ങി. 1991 ഫെബ്രുവരി 26ന് കുവൈത്ത് മോചിപ്പിക്കപ്പെട്ടു.
7,50,000 സൈനികർ
കര-നാവിക-വ്യോമ മേഖലയിലായി 7,50,000 ത്തിലധികം സഖ്യസേന സൈനികർ കുവൈത്തിനായി അണിനിരന്നു. 5,00,000 യു.എസ് സൈന്യം, 30,000 ബ്രിട്ടീഷുകാർ, 13,000 ഫ്രഞ്ചുകാർ, അറബ് യൂനിറ്റുകളിലെ ഏകദേശം 2,00,000 സൈനികർ എന്നിവർ സഖ്യസേനയിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

