കുവൈത്തിനും ബഹ്റൈനും നേരെ വീണ്ടും ഇറാൻ ആക്രമണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിനും ബഹ്റൈനും നേരെ വീണ്ടും ആക്രമണം നടത്തി ഇറാൻ. ഇന്ന് പുലർച്ചെയാണ് ഇരുരാജ്യങ്ങൾക്കുമെതിരെ ഡ്രോണുകളും മിസൈലുകളുമായി ആക്രമണം നടത്തിയത്.
ആക്രമണ മുന്നറിയിപ്പിന്റെ ഭാഗമായി കുവൈത്തിൽ ആകമാനം സൈറൻ മുഴങ്ങി. രാജ്യത്തിന് നേരെ വരുന്ന ഡ്രോണുകളും മിസൈലുകളും പ്രതിരോധിക്കുന്നതായി കുവൈത്ത് സൈന്യം അറിയിച്ചു. ആക്രമണങ്ങളെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തടയുമ്പോഴാണ് സ്ഫോടന ശബ്ദങ്ങൾ ഉണ്ടാകുന്നതെന്നും വ്യക്തമാക്കി. അധികാരികൾ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ പാലിക്കാൻ സൈന്യം എല്ലാവരോടും അഭ്യർഥിച്ചു.
ബഹ്‌റൈന് നേരെയുണ്ടായ ആക്രമണങ്ങളെ സൈന്യം വിജയകരമായി പ്രതിരോധിച്ചതായി അധികൃതർ അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് രാജ്യത്ത് ചെയ്തിട്ടില്ല. ഇന്ന് രാവിലെ 4.15ഓടെയാണ് ആക്രമണമുണ്ടായത്. ജനങ്ങൾക്ക് ജാഗ്രതാനിർദേശവും നൽകി.
കുവൈത്തിൽ കഴിഞ്ഞ ബുധനാഴ്ചയുണ്ടായ വിമാനത്താവളം ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദാണ് മരിച്ചത്. ആക്രമണത്തിൽ മൊത്തം 63 പേർക്ക് പരിക്കേറ്റിരുന്നു. യാത്രക്കായി വിമാനത്താവളത്തിൽ എത്തിയവർ, വിമാനത്താവള ജീവനക്കാർ എന്നിവർക്കാണ് പരിക്കേറ്റത്.
കുവൈത്ത് വിമാനത്താവളത്തെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങളെ കഴിഞ്ഞദിവസം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അപലപിച്ചിരുന്നു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിലും നിരവധി പേർക്ക് പരിക്കേറ്റതിലും അനുശോചനം രേഖപ്പെടുത്തി.
കഴിഞ്ഞദിവസം യു.എസ് സന്ദർശനത്തിനെത്തിയ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. കുവൈത്തിന്റെ സുരക്ഷക്കും, ഇറാൻ ആണവായുധം സ്വന്തമാക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും അമേരിക്കയുടെ പ്രതിബദ്ധത മാർക്കോ റൂബിയോ ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

