കുവൈത്തിൽ ഇന്നും ഇറാൻ ആക്രമണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്നും ഇറാൻ ആക്രമണം. ഉച്ചകഴിഞ്ഞു രണ്ടുമണിയോടെ രാജ്യത്ത് എത്തിയ ഡ്രോണുകൾ വ്യോമപ്രതിരോധ സംവിധാനം നേരിട്ടതായി സൈന്യം അറിയിച്ചു. രാജ്യത്ത് കേൾക്കുന്ന സ്ഫോടനശബ്ദങ്ങൾ ആക്രമണങ്ങളെ തടയുന്നതിനെത്തുടർന്നാണെന്നും കരസേന ജനറൽ സ്റ്റാഫ് അറിയിച്ചു. ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ഉണർത്തി.
രാജ്യത്തിന് നേരെ ഇറാൻ തുടരുന്ന ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. ആക്രമണം തങ്ങളുടെ പരമാധികാരം, സുരക്ഷ, പ്രാദേശിക അഖണ്ഡത എന്നിവയുടെ നഗ്നമായ ലംഘനമാണെന്നും, അന്താരാഷ്ട്ര നിയമം, ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ, യു.എൻ രക്ഷാസമിതി പ്രമേയം എന്നിവയുടെ ഗുരുതരമായ ലംഘനമാണെന്നും കുവൈത്ത് ചൂണ്ടികാട്ടി. ആക്രമണങ്ങൾക്കും അവയുടെ പ്രത്യാഘാതങ്ങൾക്കും ഇറാൻ പൂർണ്ണ ഉത്തരവാദിയാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
കുവൈത്തിനും മറ്റ് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾക്കുമെതിരെ ഇറാൻ തുടരുന്ന ആക്രമണോത്സുക നടപടികൾ സംഘർഷം വർധിപ്പിക്കുകയും പ്രാദേശിക സുരക്ഷയെയും സ്ഥിരതയെയും ദുർബലപ്പെടുത്തുകയും ചെയ്യും. ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കാൻ കുവൈത്ത് ഇറാനോട് ആവശ്യപ്പെട്ടു. തങ്ങളുടെ പ്രദേശം, പൗരന്മാർ, താമസക്കാർ, ദേശീയ താൽപ്പര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികളും കുവൈത്ത് സ്വീകരിക്കുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

